രാത്രി വൈകിയും
അതേ മുഖം
സ്വപ്നത്തിൽ ഉടക്കി നിന്നു.
ഒരു കൂമനന്നേരം
വീടിന്റെ വടക്കേ അതിരിൽനിന്ന്
വേദനയോടെ
ഇണയെ വിളിച്ചു.
തെക്കേ മൂലയിൽനിന്നും
ഇണയുടെ മറുവിളി
ഇരുളിനെ ഭേദിച്ചു
കാതിനോരത്തുവന്നു കുത്തിയിരുന്നു.
വെളുപ്പാൻകാലത്തെ
സ്വപ്നത്തിന്
ദീർഘായുസ്സുള്ളതുകൊണ്ട്
വീണ്ടുമതേ സ്വപ്നത്തിൽ
കണ്ണുടക്കി.
അതെഴുതിവെക്കാൻ
പുസ്തകം തിരഞ്ഞപ്പോൾ
നാളുകളായിട്ടും
പെറാത്തൊരു മയിൽപ്പീലി കണ്ടുകിട്ടി.
ആരാണീ കള്ളക്കഥ
പറഞ്ഞുപരത്തിയതെന്നോർത്തപ്പോൾ
തിരിച്ചറിഞ്ഞു,
ഈ സ്വപ്നവും
ഒരു കളവായിരുന്നെന്ന്.
Summary: Kalavu, poem by Sumegha Sreedevi Surendran
