മാഞ്ഞുപോയ ജീവിതങ്ങളെ വാക്കുകളിലൂടെ വീണ്ടെടുക്കുമ്പോൾ

Readers Ink

മാഞ്ഞുപോയ ജീവിതങ്ങളെ വാക്കുകളിലൂടെ വീണ്ടെടുക്കുമ്പോൾ


സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതുമ്പോഴും അതിനെ വ്യക്തിപരമായ അനുഭവങ്ങളുടെ അതിരുകൾക്കുള്ളിൽ ഒതുക്കാതെ ഒരു സമൂഹത്തിന്റെ ചരിത്രമായി വികസിപ്പിക്കുന്ന ഫ്രഞ്ച് എഴുത്തുകാരിയാണ് ആനി എർണോ. 1940-ൽ ഫ്രാൻസിലെ നോർമണ്ടിയിൽ ജനിച്ച അവർ തൊഴിലാളിവർഗത്തിന്റെ ജീവിതസാഹചര്യങ്ങളും സാമൂഹികമായ അസമത്വങ്ങളും സ്ത്രീകളുടെ അനുഭവലോകവും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളുമാണ് പ്രധാനമായും തന്റെ രചനകൾക്ക് വിഷയമാക്കിയത്. ജീവിതത്തിൽനിന്ന് സാഹിത്യത്തിലേക്കുള്ള അവരുടെ സഞ്ചാരം ഓർമ്മകളെ വീണ്ടെടുക്കാനുള്ള ശ്രമം മാത്രമായിരുന്നില്ല; ആ ഓർമ്മകളെ രൂപപ്പെടുത്തിയ സമൂഹത്തെ തിരിച്ചറിയാനുള്ള അന്വേഷണം കൂടിയായിരുന്നു. 2022-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചതോടെ ആനി എർണോയുടെ രചനകൾക്ക് ലോകസാഹിത്യത്തിൽ കൂടുതൽ ശ്രദ്ധ ലഭിച്ചു. അവരുടെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ് 2008-ൽ ഫ്രഞ്ചുഭാഷയിൽ പ്രസിദ്ധീകരിച്ച 'ലെസ് ആനെ' (Les Années). ഇംഗ്ലീഷിൽ 'ദി ഇയേഴ്സ്' (The Years) എന്ന പേരിൽ അറിയപ്പെടുന്നു. ഈ കൃതിയുടെ മലയാള പരിഭാഷയാണ് 'കാലങ്ങൾ.'സ്മിത മീനാക്ഷിയാണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്.

കടന്നുപോയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത് എന്തായിരിക്കും? ചില മുഖങ്ങൾ, പഴയൊരു വീടിന്റെ മുറ്റം, ഒരിക്കൽ പ്രിയപ്പെട്ടതായിരുന്ന പാട്ട്, മറന്നുപോയെന്ന് കരുതിയ ഏതെങ്കിലും സംഭാഷണം... ഓർമ്മകൾക്ക് കൃത്യമായ കാലക്രമമില്ല. ചിലപ്പോൾ നിസ്സാരമായൊരു കാഴ്ച വർഷങ്ങൾക്കുമുമ്പുള്ള ജീവിതത്തെ മുഴുവനായി മനസ്സിലേക്ക് തിരികെ കൊണ്ടുവരും. അത്തരത്തിൽ ഓർമ്മകളുടെ വഴിയിലൂടെ ഒരു കാലഘട്ടത്തെ വീണ്ടെടുക്കാനുള്ള അസാധാരണമായ ശ്രമമാണ് 'കാലങ്ങൾ.' രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലിൽ ആരംഭിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലേക്ക് നീളുന്ന ഫ്രഞ്ച് സമൂഹത്തിന്റെ ജീവിതചിത്രമാണ് ഇതിൽ തെളിയുന്നത്. എന്നാൽ ചരിത്രസംഭവങ്ങളുടെ രേഖപ്പെടുത്തലല്ല എഴുത്തുകാരിയുടെ ലക്ഷ്യം. കാലത്തിന്റെ ഒഴുക്കിൽ മനുഷ്യരുടെ ജീവിതവും ചിന്തകളും ശീലങ്ങളും ബന്ധങ്ങളും എങ്ങനെ മാറിപ്പോയെന്ന് കണ്ടെത്താനാണ് അവർ ശ്രമിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ അനേകം മനുഷ്യരുടെ അനുഭവങ്ങൾ നമ്മിലേക്ക് എത്തിച്ചേരുന്നു.

ആത്മകഥയെന്ന് വിശേഷിപ്പിക്കാമെങ്കിലും സാധാരണ ആത്മകഥകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഈ രചന. സ്വന്തം ജീവിതം വിവരിക്കാൻ ആനി എർണോ 'ഞാൻ' എന്ന വാക്കിനെ ആശ്രയിക്കുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. പകരം, 'അവൾ' എന്ന സംബോധനയിലൂടെ സ്വന്തം ഭൂതകാലത്തെ ഒരു അകലം പാലിച്ച് നോക്കിക്കാണുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ അനുഭവങ്ങൾ ഒരു തലമുറയുടേതായി വികസിക്കുമ്പോൾ ആ സ്വരം 'നമ്മൾ' എന്ന കൂട്ടായ്മയിലേക്ക് മാറുന്നു. ഈ മാറ്റം കേവലമൊരു സാഹിത്യപരീക്ഷണമല്ല. മനുഷ്യർ എത്രമാത്രം വ്യക്തിപരമായി ജീവിക്കാൻ ശ്രമിച്ചാലും അവരുടെ ചിന്തകളിലും ആഗ്രഹങ്ങളിലും തീരുമാനങ്ങളിലും ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനമുണ്ടെന്ന തിരിച്ചറിവാണ് അതിനു പിന്നിൽ. എഴുത്തുകാരിയുടെ ബാല്യവും യൗവനവും കുടുംബജീവിതവും കടന്നുവരുമ്പോഴും അവയെല്ലാം അവരുടെ മാത്രം കഥകളായി അവശേഷിക്കുന്നില്ല. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു തലമുറയുടെ പൊതുവായ അനുഭവങ്ങളായി അവ മാറുന്നു.


Related Articles