കടം

ടം വാങ്ങിയ പണം തിരിച്ചുതരാതെ
എന്റെ സുഹൃത്ത്
ഇന്നലെ ആത്മഹത്യ ചെയ്തു.

മരണവീട്ടിൽ പോയപ്പോൾ
എനിക്കവന്റെ
മുഖത്ത് നോക്കാൻ തോന്നിയില്ല.
പകരം
അവന്റെ മുറിയിൽ കയറി
ഷർട്ടിന്റെയും പാന്റിന്റെയും കീശകളിൽ
തപ്പാൻ തോന്നി.
കിടക്കക്കടിയിലും
മൊബൈൽ ഫോണിന്റെ
മഞ്ഞിച്ച കവറിന്റെയുള്ളിലുമൊക്കെ
തപ്പാൻ തോന്നി.

ഒരുമിച്ച് പങ്കിട്ട
വൈകുന്നേരങ്ങൾ ഓർത്തില്ല
പകരം
പലപ്പോഴായി അവൻ വാങ്ങിയ
പണത്തിന്റെ കണക്കുകൾ
മനസ്സിലിട്ട് കൂട്ടി നോക്കി.
കണ്ണുനിറഞ്ഞു!
ഇനിയത് ആരോട് ചോദിക്കും?

ഒരിക്കലും തിരിച്ചുകിട്ടാത്ത
കണക്കുകളെഴുതിയ പുസ്തകത്തെ
മണ്ണിട്ടുമൂടുന്നത് കാണാൻ
അന്ന് വൈകുന്നേരം
ഞാൻ പോയില്ല.

ഇനിമുതൽ
ഞായറാഴ്ചകളിൽ വരാറുള്ള
പലിശക്കാരനെ
പിന്നെ തരാമെന്ന
വാക്കുകൾകൊണ്ട്
മടക്കിയയക്കുമ്പോഴെല്ലാം
എനിക്കു നിന്റെ മരിപ്പോർമ്മവരും.


Related Articles