അവളടുത്തു ചെന്നതൊന്നും അമ്മ അറിഞ്ഞിട്ടില്ല. പുറത്തേക്ക് തന്നെ നോക്കിയിരിപ്പാണ്. തട്ടിത്തടഞ്ഞ് വീഴുന്നതൊഴിവാക്കാൻ അവൾ തന്നെ കണ്ടു പിടിച്ചതായിരുന്നു ഈ കസേരയിലിരിക്കൽ യജ്ഞം. ചാരുകസേരയിൽ നിന്ന് അമ്മക്ക് പെട്ടെന്നെഴുന്നേറ്റോടാൻ എളുപ്പമല്ല. ശ്രമിക്കായ്കയല്ല, സാധിക്കാത്തതാണ്.
"അമ്മേ, കുളിക്കണ്ടേ നമുക്ക്, വരൂ സുന്ദരിക്കുട്ടിയാക്കിത്തരാം." അവളോരോന്ന് പറഞ്ഞമ്മയെ കൊഞ്ചിച്ചു. എവിടെ.. അമ്മ വിദൂരതയിൽ നിന്ന് കണ്ണുകൾ പിൻവലിക്കുന്നതു കൂടിയില്ല. പിന്നെയും വിളിച്ചെങ്കിലും യാതൊരു കൂസലുമില്ലാത്തതിനാൽ അവൾ തിരിച്ചു നടന്നു.
അമ്മയിങ്ങനെ തുടങ്ങീട്ട് വർഷം രണ്ടായി. അച്ഛൻ മരിച്ചതിൽ പിന്നെയാണ് ഈ ഫ്ലാറ്റിലേക്ക് താമസം മാറ്റിയെത്തിയത്. ആദ്യമൊന്നും ഒട്ടും സമ്മതമില്ലായിരുന്നു. പിന്നെപ്പിന്നെ എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ കുറച്ചു ദിവസം വന്നു നിൽക്കാമെന്നായി. ഇവിടെ താമസിച്ചു തുടങ്ങിയപ്പോഴാണ് മാറ്റങ്ങളിങ്ങനെ കണ്ണിൽപ്പെടാൻ തുടങ്ങിയത്. ആദ്യമൊന്നും കാര്യമാക്കിയില്ല. ഒരേസാരി തന്നെയെന്നും ധരിക്കുക, കുറേ നേരം ബാത്ത്റൂമിൽത്തന്നെ നിൽക്കുക, ചോറുണ്ടില്ലെന്നിടക്കിടെ പറയുക.... അങ്ങനെ ദിവസവും ഓരോരോ മാറ്റങ്ങൾ.
