ഒരൂസം ഉച്ചയൂണും കഴിഞ്ഞ് മയക്കത്തിൻ്റെ ചവിട്ടുപടി കയറിത്തുടങ്ങുമ്പോൾ റേഡിയോന്ന് 'കടലിൻ അഗാധമാം നീലിമയിൽ' പാട്ട് കേട്ടപ്പോഴാണ് രമണിയ്ക്ക് ബോധോദയം ഉണ്ടായത്, 'വയസ്സ് അമ്പത്തെട്ട് ആയിട്ടും ഇതുവരെ കടല് കണ്ടിലല്ലോ' എന്ന്. പണ്ട് തുന്നൽ പഠിക്കാൻ പോയിരുന്നപ്പോ രമണിയ്ക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു. അയാൾ എപ്പോഴും കടലിനെപറ്റി പറയും. പക്ഷേ, കടല് കണിച്ച് തരാം എന്ന് പറഞ്ഞ് പറ്റിച്ചത് പോലെ രമണീനേം അയാൾ പറ്റിച്ചു. കടല് കാണാനുള്ള മോഹം അന്ന് മൊട്ടിട്ടതാണ്. പക്ഷേ,സൂചിയും നൂലും കോർക്കുന്നതിനിടയിൽ അതിന് സാധിച്ചില്ല. ഇപ്പോ പിന്നെ നൂലിലെ മുത്തുകളൊക്കെ ചാടിപ്പോയി ഒറ്റയ്ക്ക്ആയതുകൊണ്ട്, ആരോടും ചോദിക്കണ്ട. എന്നാലും,രമണി കൂട്ടൂകാരി സുധയെ കൂട്ട് വിളിച്ചു. പക്ഷേ,രാവിലെ തൊട്ട് രാത്രി വരെ വേറെ ഒരു പണീം ചെയ്യാതെ റിമോർട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്ന ഭർത്താവ് സുധയെ വിട്ടില്ല. ഒറ്റയ്ക്ക് എങ്കിൽ ഒറ്റയ്ക്ക് എന്നുറപ്പിച്ച്, കടൽക്കൊതിയും ഉള്ളിലിട്ട് രമണി പിറ്റേന്ന് തന്നെ തീവണ്ടി കയറി. കടലിൻ്റെ മണം കിട്ടിയപ്പോൾ രമണിയ്ക്ക് പഴയ കാമുകനെ ഓർമ വന്നു. അയാൾക്കും ഈ മണമായിരുന്നില്ലേ? കുറെ നേരം അവൾ ആ നീലിമ നോക്കിനിന്നു. കടൽത്തിരകൾ കാൽ നനച്ചപ്പോൾ ഒരു കുഞ്ഞിനെ പോലെ ചിരിച്ചു. അവളുടെ ഉള്ളിലെ കൊതിയുടെ കടൽ പതിയെ ശാന്തമായി.
Summary: Kadalkothi, poem by Amrutha K
