1
കഴിഞ്ഞ കുറെയേറെ നാളുകളായി ജാസ്മിൻ ടവറിൽ തുടർന്നുകൊണ്ടിരിക്കുന്ന മോഷണങ്ങൾ എന്റെ സ്വസ്ഥത പൂർണ്ണമായും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ജാസ്മിൻ ടവറിന്റെ 842 /ബി ഫ്ലാറ്റിൽ താമസിക്കുന്നത് നഗരത്തെ വിറപ്പിക്കുന്ന പോലീസുകാരനും കുറ്റവാളികളുടെ പേടിസ്വപ്നവും പോലീസുകാർക്കിടയിലെ കർക്കശക്കാരനായ ഉദ്യോഗസ്ഥനുമൊക്കെയായ എൽദോകുര്യൻ എന്ന ഇയ്യുള്ളവനാണെന്നിരിക്കെ എങ്ങനെയാണ് ഞാൻ സ്വസ്ഥമായിട്ടിരിക്കേണ്ടത്?.. എല്ലാ നിലക്കും ശോഭിച്ച് നിന്നിരുന്ന എന്റെ സൽപ്പേര് മുഴുവനും ഈ ഒരൊറ്റ മോഷണപരമ്പര കൊണ്ട് കൈമോശം വന്നിരിക്കുകയാണ്.
എത്രയോ കേസുകൾ നിസാരമായി തെളിയിച്ചിരിക്കുന്നു. നാടിനെ വിറപ്പിച്ച പിടികിട്ടാപുള്ളികൾ മുതൽ സൈക്കോ കൊലപാതകികൾ വരെ നീളുന്ന കെട്ടഴിച്ച സമസ്യകൾ. ആ ഞാനാണിപ്പോൾ മൂക്കിന് തുമ്പത്തെ നിസാരങ്ങളായ മോഷണങ്ങൾക്ക് പ്രതിവിധി കണ്ടെത്താൻ സാധിക്കാത്ത വിധം പരാജിതനായി തീർന്നിരിക്കുന്നത്.
നാട്ടിലെ പ്രധാന കള്ളന്മാർ നിരനിരയായി സ്വപ്നത്തിൽ വരുന്നുണ്ട്. കഴിഞ്ഞ രാത്രിയിൽ വന്നത് നരികിട്ടുവാണ്. അവന്റെ അപ്പനപ്പൂപ്പന്മാരായിട്ട് നല്ല നിലക്ക് തുടർന്നുവന്ന മോഷണകലയുടെ നട്ടെല്ല് ഒടിച്ച എന്റെ മുഖത്തേക്ക് നോക്കിയവൻ ഊറി ചിരിച്ചു. കറപിടിച്ച പല്ലുകൾക്കിടയിലൂടെ നാറുന്ന ഉമിനീർ മുഖത്തേക്ക് തെറിച്ചു.
