വായിച്ച മറ്റ് പ്രണയ കഥകളിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലമാണ് രജത് ആർ. എഴുതിയ 'വിഷു എന്ന പെൺകുട്ടി'ക്ക്. പ്രണയം ഒരു തോരാത്ത മഴയാണെന്ന് തോന്നും. ആദ്യം സന്തോഷം, പിന്നെ നോവ്. അറിയാതെ നമ്മുടെ ഉള്ളിൽ സ്നേഹം, പ്രണയം, വാത്സല്യം എല്ലാം ചുരത്തുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ.
"വിഷു" എന്ന പെൺകുട്ടിയാണ് പ്രണയിനിയെന്ന് വെളിപ്പെടുത്തിക്കൊണ്ട്, സസ്പെൻസ് ഇല്ലാതെ തന്നെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ വിഷു എന്ന വാക്കിലുള്ള സമ്പൽസമൃദ്ധിയോ വറ്റാത്ത പ്രതീക്ഷകളോ അല്ല അവൾ നമ്മുടെ മുൻപിൽ അനാവൃതയാകുമ്പോൾ കാണുന്നത് . ഏത് നിമിഷവും മരിച്ചു പോയേക്കാവുന്ന ഒരു സാധാരണ പെൺകുട്ടിയാണ് അവൾ.
കഥാനായകനായ ഡോക്ടർ ആദിത്യൻ ഒട്ടും ലോകം കാണാത്ത, അല്ലെങ്കിൽ കാണാനിഷ്ടപ്പെടാതെ, പഠനവും തനിക്ക് ലഭിച്ച സൗകര്യങ്ങളും മാത്രം ആസ്വദിച്ച് ജീവിക്കുന്ന വ്യക്തിയാണ്. അയാളുടെ കണ്ണുകൾ അയാളിലേക്കും പ്രകൃതിയിലേക്കും തുറക്കപ്പെടുന്ന ഒരു അവസ്ഥാന്തരമാണ് പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്ന 'വിഷു' എന്ന പെൺകുട്ടിയിലൂടെ നടക്കുന്നത്.
