ബെർക്ക്ലി യൂണിവേഴ്സിറ്റിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിലെ ശീതികരിച്ച ലാബിലിരിക്കുമ്പോഴും ജോമോൻ തോമസ് വിയർക്കുകയായിരുന്നു. അൽപം മുമ്പ് മാത്രം കഴിഞ്ഞ ഡിഫൻസ് സെക്രട്ടറിയുമൊത്തുള്ള തന്റെ റിസർച്ച് ടീമിന്റെ റിവ്യൂ മീറ്റിംഗിൽ താനെടുക്കേണ്ടി വന്ന തീരുമാനങ്ങളെപ്പറ്റിയുള്ള ചിന്തകളായിരുന്നു ശൈത്യമാസത്തിൽ തണുത്തുറഞ്ഞു കിടക്കുന്ന ആ വൻകരയിലും അദ്ദേഹത്തിന്റെ വിയർപ്പുഗ്രന്ഥികളെ ഉദ്ദീപിപ്പിച്ചത്.
മൂന്ന് വർഷങ്ങൾക്കു മുമ്പ് ഡിഫൻസ് സെക്രട്ടറിയും പ്രസിഡണ്ടും സന്നിഹിതരായ മീറ്റിംഗിൽ തുടങ്ങി വെച്ച AI പ്രൊജക്ടിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് ഇനിയും താമസിപ്പിക്കാനാവില്ലയെന്ന് പ്രസിഡണ്ടിന്റെ നിർദ്ദേശമുണ്ട്. ഇനിയുള്ള കാലങ്ങളിൽ മനുഷ്യന്റെ തലച്ചോറിനുള്ളിൽ നടക്കാൻ പോവുന്ന പുതുവിജ്ഞാനത്തിന്റെ സ്ഫോടനങ്ങൾ ആറ്റം ബോംബിനേക്കാൾ തീവ്രതയോടെ ലോകം മാറ്റിമറിക്കും. ചിലപ്പോഴൊക്കെ, മനുഷ്യ പുരോഗതിയുടെ ഭൂപടത്തിലെവിടെയെങ്കിലും, പുതു സാങ്കേതികവിദ്യകളുടെ വിവേചനരഹിതമായ പ്രയോഗങ്ങൾ അത്തരം കണ്ടുപിടുത്തങ്ങൾക്ക് സൈദ്ധാന്തികമായ അടിത്തറയൊരുക്കിക്കൊടുത്ത ശാസ്ത്രജ്ഞൻമാർക്ക് സ്വന്തം മന:സാക്ഷിയുടെ തടവറകൾ ഒരുക്കിക്കൊടുക്കാറുമുണ്ട്.
ബെയർ ടീമിന്റെ (BAIR-Berkely Artificial lntelligene Research) അതീവ രഹസ്യമായി നടത്തപ്പെടുന്ന ഹോമോക്രോമിയൻസ് എന്ന പ്രൊജക്ടിന്റെ ഹെഡ് ആയി താൻ നിയമിതനായതിന് കാരണം ഫിസിക്സിലും കെമിസ്ട്രിയിലും ബയോ ടെക്നോളജിയിലും മാത്തമറ്റിക്സിലും ഉള്ള തന്റെ അഗാധമായ അറിവ് തന്നെയായിരുന്നുവെന്ന് അദ്ദേഹം ഓർത്തു. ബെർക്ക്ലി യൂണിവേഴ്സിറ്റിയുടെ നിർമ്മിതബുദ്ധി വിഭാഗത്തിലെ റിസർച്ച് വിഭാഗം തലവനാണ് താനെന്ന കാര്യം മാത്രമേ പുറം ലോകത്തിന് അറിയുകയുള്ളൂ...യഥാർത്ഥത്തിൽ എന്താണ് താൻ ചെയ്യുന്നതെന്ന് തന്റെ പ്രിയതമയ്ക്കു പോലും അറിയില്ലായിരുന്നു. വരും വർഷങ്ങളിൽ പുറംലോകത്തെ ഞെട്ടിക്കാനും തങ്ങളുടെ വരുതിയിൽ നിർത്താനുമുള്ള എന്തെല്ലാം കണ്ടുപിടുത്തങ്ങളാണ് ഡിഫൻസ് സെക്രട്ടറിയുടെ നിർദ്ദേശമനുസരിച്ച് ബെർക്ക്ലിയുടെ ശീതീകരിച്ച ലാബിനുള്ളിൽ പുറത്തിറങ്ങാനുള്ള ഉത്തരവും കാത്ത് കിടക്കുന്നത്! ഹോമോസാപിയൻസ് എന്ന സ്പീഷീസിന്റെ നിലനിൽപ് തന്നെ അപ്രസക്തമാക്കിയേക്കാവുന്ന ഹോമോക്രോമിയൻസ് എന്ന യന്ത്രമനുഷ്യന്റെ ആദ്യ തലമുറ, ഇതാ, ഒരു വർഷത്തിനുള്ളിൽ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വരാൻ പോവുന്നു. അതിന്റെ സ്രഷ്ടാവായ തനിക്ക്, അതിനു പിന്നിലെ അതുല്യമായ സംഭാവനകൾ പരിഗണിച്ച് നോബേൽ പ്രൈസിന് ഉള്ള നോമിനേഷൻസും റെക്കമൻഡേഷൻസും ഭരണകൂടം സമർപ്പിച്ചുകഴിഞ്ഞതായാണ് ഡിഫൻസ് സെക്രട്ടറി അറിയിച്ചത്. പക്ഷേ പകരമായി പെട്ടെന്ന് തന്നെ റിസർച്ച് കംപ്ലീറ്റ് ചെയ്ത്, ഭരണകൂടത്തോടുള്ള പ്രതിബദ്ധത ഉറപ്പു വരുത്തേണ്ടുന്ന ബാധ്യത ചിലപ്പോഴൊക്കെ തനിക്ക് താങ്ങാനാവാത്ത സമ്മർദ്ദമായി മാറിയിരുന്നു. പുതിയ സാങ്കേതികവിദ്യകളിലൂടെ ലോകത്തെ തങ്ങളുടെ ചൊൽപ്പടിയിലാക്കാൻ യൂ. എസ് ഗവൺമെന്റിന് എന്നും തിടുക്കമാണ്. റഷ്യയ്ക്കും ചൈനയ്ക്കും മീതെ മേൽക്കൈ സ്വന്തമാക്കാൻ അമേരിക്കൻ ഭരണകൂടം എന്നും ആഗ്രഹിക്കുന്നതാണ്.
