"ചത്താ മത്യേര്ന്ന് ".
ജില്ലാ ആസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ മൂന്നാം നിലയിലെ ആറാം നമ്പർ വാർഡിലെ പതിമൂന്നാം നമ്പർ കട്ടിലിൽ കിടന്ന് ചിന്നമ്മ പിറുപിറുത്തു. രണ്ടാഴ്ച നിർത്താതെ പെയ്ത മഴക്ക് പിന്നാലെ വന്ന പനിപ്പെരുന്നാളിൽ നിലം പൊത്താൻ തുടങ്ങിയ കാക്കക്കൂട് കണക്കായിരുന്നു ആ വാർഡ്. ചിന്നമ്മയുടെ പിറുപിറുപ്പിൽ ആ കൂട്ടിലെ ഒരു ചുള്ളി ഇളകി താഴെ വീണു. തലേന്നത്തെ ഉറക്കച്ചടവ് തീർക്കാൻ പതിമൂന്നാം നമ്പർ കട്ടിലിനും പതിനാലാം നമ്പർ കട്ടിലിനും ഇടയിലെ ഇത്തിരി നിലത്ത് പായ വിരിച്ചുറങ്ങുന്ന സൈനബയുടെ തലയിലാണ് ദ്രവിച്ചു തുടങ്ങിയ കട്ടിലിന്റെ തുരുമ്പ് ഇളകി വീണത്. ഭർത്താവിന്റെ പെങ്ങൾക്ക് ഇഷ്ടമില്ലാതെ കൂട്ടുകിടക്കാൻ വന്ന സൈനബ കെട്ട്യോനെയും നാത്തൂനെയും വിളിക്കാനുള്ള തെറി കൂടി ചിന്നമ്മയെ വിളിച്ചാണ് ആ ചുള്ളികമ്പ് തിരിച്ചു വെച്ചത്.
"എന്താ തള്ളെ, ങ്ങക്ക് കണ്ണ് കാണൂല്ലേ?"
"കണ്ണ് കാണാത്തത് അന്റെ കെട്ട്യോനാ, മുതുക്കി".
ഇപ്പോൾ ചിന്നമ്മക്ക് മരിക്കേണ്ട. ചുരുങ്ങിയത് കിട്ടിയ തെറി തിരിച്ചു പറയും വരെയെങ്കിലും മരിക്കേണ്ട. പക്ഷേ സൈനബക്ക് മരിച്ചാൽ മതിയെന്നായി.
" അല്ല പിന്നെ, ചാവാൻ പോണ തള്ള വിളിക്കാ മുതുക്കീന്ന്. ആരേലും കേട്ടാ പിന്നെ തീർന്ന്. വേറാരും വേണ്ട, ഈ കട്ടിലീ കെടക്ക്ണ സാധനം കേട്ടാ മത്യെല്ലോ. പനി ആണേലും പണ്ടാരം പരദൂഷണം നിർത്തൂല്ല."
