ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഭണ്ഡാരത്തില്‍ ഈശ്വര സങ്കല്‍പങ്ങള്‍ക്ക് കാര്യസാധ്യത്തിന് തന്റെ വിലകൂടിയ പുത്തന്‍ തുകല്‍ പേഴ്‌സില്‍ നിന്നും അഞ്ഞൂറ് രൂപയുടെ മൂല്യമേറെയുള്ള കടലാസ് കഷ്ണം നിക്ഷേപിച്ചു. ഇടതൂര്‍ന്ന് പെയ്ത മഴയില്‍ വായുവില്‍ പടര്‍ന്ന പച്ചയായ ഭൂമീഗന്ധം ആസ്വദിക്കാന്‍ സാധിക്കാതെ തന്റെ തിളക്കമാര്‍ന്ന കല്ലുകള്‍ ഭംഗിയായി പതിപ്പിച്ചുവെച്ച പാദരക്ഷകളില്‍, നനവാര്‍ന്ന മണ്‍തരികള്‍ വന്ന് പൊതിയുന്നതില്‍ വിഷാദം പേറി മഴയെ ശപിച്ചുകൊണ്ട് ആല്‍മരത്തിന് എതിര്‍വശത്തായി പണപെരുപ്പില്‍ പടുത്തുയര്‍ത്തിയ ക്യാഷ് കൌണ്ടറിനോട് ചേര്‍ന്ന് അവള്‍ നിന്നു.
ഒടുവില്‍ ക്ഷേത്രപടവില്‍ ഒരു നേരത്തെ അന്നത്തിലായി ഭിക്ഷ യാചിക്കുന്ന ഭിക്ഷാടകന്റെ വിലാപം കേട്ടതുകൊണ്ടോ അവളുടെ ശാപവാക്കുകള്‍ ശരം പോലെ മാറില്‍ തുളച്ച് കയറിയതിനാലോ ഒരു നേര്‍ത്ത തേങ്ങലോടെ വര്‍ഷം എങ്ങോ പോയിമറഞ്ഞു. ഒടുവില്‍ പടികളിറങ്ങി നനവൂറിയ മണ്‍പാതയിലൂടെ നടത്തം തുടര്‍ന്നതും തെക്ക് ഭാഗത്ത് സാമാന്യം വലിപ്പമുള്ള ഒരു പാരിജാതത്തിന്റെ ഓരം ചേര്‍ന്ന് ഏകനായി തല താഴ്ത്തിയിരിക്കുന്ന ജരാനരബാധിച്ച ഒരു വൃദ്ധനില്‍ അവളുടെ കണ്ണുകള്‍ കോര്‍ത്തു.
മുഷിഞ്ഞ് കീറിയ നനഞ്ഞ വസ്ത്രം ധരിച്ച ഒട്ടിയ താടിയും ചെമ്പിച്ച് നരച്ച ജലകണങ്ങള്‍ ഇറ്റുവീഴുന്ന മൃദുരോമങ്ങളും പൂണ്ട അയാളുടെ തോളിലായി ഒരു ഛായം മങ്ങിതുടങ്ങിയ തുണി സഞ്ചിയും ഉണ്ടായിരുന്നു. പാരിജാതത്തിന്റെ തടിയില്‍ ഭാരം നല്‍കി ചാരി ഇരിക്കുന്ന അയാളുടെ മിഴികളില്‍നിന്നും കണ്ണുനീര്‍തുള്ളികളോ ജലകണങ്ങളോ രണ്ട് കയ്യും ഉപയോഗിച്ച് താങ്ങിനിര്‍ത്തിയിരുന്ന ഒരു കുഞ്ഞു ചിത്രത്തിലേക്ക് ധാരപോലെ പതിക്കുകയും പിന്നീട് ഒഴുകി ഭൂമിയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.
