ജന്മദിനമില്ലാത്തവർ 

Readers Ink

ജന്മദിനമില്ലാത്തവർ 


ജോൺ എബ്രഹാമിൻ്റെ 
'അമ്മ അറിയാൻ' ഒറ്റക്കിരുന്ന് 
ഒന്ന് കണ്ടു നോക്കാൻ 
സുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞു. 
ഫലം ഒന്നും ഉണ്ടായില്ല.
കാത്തിരിക്കുന്ന അമ്മയുടെ 
വ്യഥ അറിഞ്ഞിട്ടും തിരിച്ചു പോകാനാവാത്ത
ഒരു മകൻ്റെ ആത്മജ്ഞാനം.
എനിക്ക് ഒരു ജൻമദിനം വേണം
ഈ ലോകത്തിൻ്റെ പ്രായത്തേക്കാൾ കുറഞ്ഞ ഒന്ന്. 
എൻ്റെ പ്രണയത്തിന് വിശ്വാസ്യത
നേടാനെങ്കിലും ഒരു ദിനം.
ഒരു 90s കിഡിനെ ആർക്കും
എളുപ്പത്തിൽ പറ്റിക്കാമായിരുന്നു.
ഉണ്ണാതിരിക്കുമ്പോൾ ദൈവത്തെക്കുറിച്ചുള്ള
അത്ഭുത കഥകൾ 
തലയിൽ ആണി പോലെ അടിച്ച് തറയ്ക്കാമായിരുന്നു.
ഉറങ്ങാതിരിക്കുമ്പോൾ പിശാചിനെകുറിച്ചുള്ള
ഭീകരകഥകൾ പറഞ്ഞ് മയക്കാമായിരുന്നു.
അങ്ങനെയെങ്കിൽ
ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു 
മുമ്പുള്ള ശൂന്യതയിൽ
ഞാൻ എവിടെയായിരുന്നു.?
തർക്കുത്തരം പറയരുത്
ചോദിക്കരുത്.
സ്കൂളിൽ ചേർക്കാൻ 
എൻ്റെ ജനന തീയ്യതിയിൽ 
കാണിച്ച കൃത്രിമത്വം
ഒരു
മൂന്നാം ലോക മഹായുദ്ധത്തിന് 
കാരണമാകാതിരിക്കട്ടെ.


Related Articles