ജമീലച്ചി

Readers Ink

ജമീലച്ചി


ഒരു തുരുത്തു പോലെ തോന്നിച്ച പ്രദേശത്തെ പത്തോളം വീടുകൾക്കപ്പുറം വടക്കായി ചെറിയ കല്ലുകളും തൊട്ടാവാടികളും പൂത്ത് നിൽക്കുന്ന തീരെ ചെറിയ പാതയാണ് അക്കേഷ്യ കാട്ടിലേയ്ക്ക്. പാതയ്ക്കിടത്തായി ഒരു പാല മരച്ചുവട്ടിൽ കുട്ടിച്ചാത്തനെ കുടിയിരുത്തിയിരുന്നു. പള്ള നിറയെ കള്ള് കുടിച്ച് വീട്ടിൽ ഭാര്യമാരെ കാരണമന്യേ തൊഴിച്ചവരും, തെറി പറഞ്ഞവരും, ഭാര്യമാരെ അടുക്കളക്കാരിയായി മാത്രം കണ്ട ആണുങ്ങളും തങ്ങളുടെ പെൺമക്കൾക്ക് നല്ല ഭർത്താക്കന്മാരെ കിട്ടാനായി കുട്ടിച്ചാത്തന് പൂവൻകോഴികളെ ബലി നൽകി കൊണ്ടിരുന്നു.

"പിടക്കോഴിനേം പെണ്ണാടിനേം ബലി കൊടുക്കാത്തോണ്ട്, അതീന്നേലും പെണ്ണുങ്ങടെ തല രക്ഷപെട്ടല്ലോ."സുനിത അടക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

"അയ്ന് പെണ്ണുങ്ങടെ ജീവിതം തന്നെ ഒരു ബലിയല്ലെ സുനിതേ..."ജമീല തിരിച്ച് പറഞ്ഞു.

"അതിലും മുന്തിയ ബലി ഒരു കുട്ടിച്ചാത്തനും കിട്ടീട്ടുണ്ടാവൂല."അത് കേട്ട് പെണ്ണുങ്ങൾ അടക്കി ചിരിച്ചു.


Related Articles