ജലരേഖകൾ

ച്ചക്ക് രണ്ടരയ്ക്കുള്ള ട്രിപ്പിന് ആളുകൾ കുറവാണ്. ​മുഹമ്മ-കുമരകം ബോട്ടിൽ കയറി രവീന്ദ്രൻ പിൻസീറ്റിൽ ചെന്നിരുന്നു. മുപ്പതു വർഷത്തോളം ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ പ്രൂഫ് റീഡറായിരുന്നു അയാൾ. ഭാഷയിലെ കളപറിക്കുന്ന ജോലി. ശീലത്തിലലിഞ്ഞുചേർന്ന നിരീക്ഷണപാടവവും സൂക്ഷ്മതയും അയാളുടെ ദൈനംദിന ജീവിതത്തിലുമുണ്ട്. കായലിന്റെ അടിത്തട്ടിലുപേക്ഷിക്കപ്പെട്ട പഴയ കാലത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചായിരുന്നു ഈയിടെയായി അയാളെപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്.

കായൽ അയാൾക്കൊരു പഴയ കയ്യെഴുത്തുപ്രതിയായിരുന്നു. മനുഷ്യരുപേക്ഷിച്ചതും കാലം വായിച്ചുമറന്നതുമായ ഒട്ടേറെ തെറ്റുകൾ നിറഞ്ഞൊരു പ്രകൃതിപുസ്തകം. 1930-കളിൽ റോബർട്ട് ബ്രിസ്റ്റോ കൊച്ചി തുറമുഖം പണിയാനായി കായൽ ഡ്രെഡ്ജ് ചെയ്ത കാലത്തുപേക്ഷിക്കപ്പെട്ട ഇരുമ്പായുധങ്ങൾ, ദിശ തെറ്റി മുങ്ങിപ്പോയ പഴയ കെട്ടുവള്ളങ്ങളുടെ ദ്രവിച്ച അസ്ഥികൂടങ്ങൾ, മേൽവിലാസക്കാരനെത്താതെ ജലസമാധിയടഞ്ഞ കത്തുകൾ-കായലിനടിയിൽ വിസ്തൃതമായൊരു അദൃശ്യ ചരിത്രം ഉറങ്ങിക്കിടപ്പുണ്ടെന്ന് അയാൾ വിശ്വസിച്ചിരുന്നു. അലക്ഷ്യമായി തുടങ്ങുന്ന അയാളുടെ ഈ ബോട്ടുയാത്രകളിൽ കായലിനടിയിലെ അദൃശ്യരേഖകളുടെ നിശ്ശബ്ദമായ പ്രൂഫ് വായനയാണ് വാസ്തവത്തിൽ നടക്കുന്നത്.

പതിവ് ആലോചനകളിൽ മുഴുകുന്നതിനിടയിലെപ്പോഴോ എതിർവശത്തെ വരിയിലെ ഒരു സീറ്റിലിരുന്ന പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചു. അവളുടെ മടിയിൽ ഒരു ക്യാൻവാസ് ബാഗ് ഉണ്ടായിരുന്നു. കാറ്റ് അവളുടെ മുടിയിഴകളെ അലങ്കോലപ്പെടുത്തിയിട്ടും അവളത് വകഞ്ഞുമാറ്റുവാൻ ശ്രമിച്ചില്ല. പകരം, ബാഗ് തുറന്ന് ചെറിയ ഒരു കടലാസുകഷണം അവൾ പുറത്തെടുത്തു. അവളുടെ വിരൽത്തുമ്പിൽ നിന്നും കാറ്റ് അത് റാഞ്ചിയെടുത്തു. ഒരു നിമിഷം അന്തരീക്ഷത്തിൽ പാറിപ്പറന്ന ശേഷം അതങ്ങനെ കായലിൽ വീണലിഞ്ഞു. പെട്ടെന്നുള്ള നോട്ടത്തിൽ കാറ്റടിച്ചു പറന്നുപോയതാണെന്നേ തോന്നൂ. എന്നാൽ അതൊരു കൈപ്പിഴയായിരുന്നില്ലെന്നും കാറ്റിനു കൊണ്ടുപോകാൻ പാകത്തിൽ അവളുടെ വിരലുകൾ വളരെ ബോധപൂർവ്വം അതിനെ സ്വതന്ത്രമാക്കുകയായിരുന്നുവെന്നും രവീന്ദ്രനെന്ന സുക്ഷ്മദർശിയായ പ്രൂഫ് റീഡർ കണ്ടു.


Related Articles