ഖസാക്കിന്റെ ഇതിഹാസം ഒരു ജീവിതവീക്ഷണമല്ല. അതെഴുതുമ്പോൾ ഉണ്ടായിരുന്ന ധാർഷ്ട്യംപോലും ഇന്ന് എനിക്കില്ല. ജീവിതവീക്ഷണമല്ലെങ്കിൽ പിന്നെ എന്താണത്? കഥ? കഥയുമല്ല. കരിമ്പനപ്പട്ടകളിൽ കാറ്റുപിടിക്കുന്നതുപോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അതു പകർത്താൻ ശ്രമിച്ചെന്നുമാത്രം.
പിന്നെ കുഞ്ഞാമിനയുടെ കാര്യം. എന്റെ ജീവിതത്തിലെ സുന്ദരവും അപൂർവ്വവുമായ ഒരു നിമിഷത്തിൽ, ഞാൻ ആരാധനയുടെ സുഖം അറിഞ്ഞപ്പോൾ ഞങ്ങൾ അവളുടെ പേരു മാറ്റാൻ നിശ്ചയിച്ചു. ആമിനക്കുട്ടിയെന്ന്. സാങ്കേതികമായ തടസ്സം നിമിത്തം ഈ മാറ്റം പുസ്തകത്തിൽ വരുത്താൻ നിവൃത്തിയില്ല. അതുകൊണ്ട് രവിയോടു സ്‌നേഹമുള്ള സഹൃദയന്മാർ പുസ്തകം വായിക്കുമ്പോൾ അവളെ ആമിനക്കുട്ടിയെന്നു വിളിക്കണം. അവൾ വിളി കേൾക്കും. രവിയെ കല്യാണംകഴിക്കാൻ അവളോടു പറയണം. അവൾ നന്നേ ചെറുപ്പമാണെങ്കിലും, രവിക്കു കിട്ടിയിട്ടില്ലാത്തതൊക്കെയും ആമിനക്കുട്ടി അയാൾക്കു കൊടുക്കും. രവിയുടെ നിഷേധങ്ങളെ അവൾ കണ്ണീരുകൊണ്ടു കഴുകിക്കളയും. പാമ്പിന്റെ വിഷംപോലും അവൾ കല്പകവൃക്ഷത്തിന്റെ ഇളന്നീരാക്കി മാറ്റും.
വായിക്കുമ്പോൾ ആമിനക്കുട്ടിയുടെ കാര്യം മറക്കാതിരിക്കാൻ അപേക്ഷ.
