ഇരുട്ടുണ്ണിയാര്

Readers Ink

ഇരുട്ടുണ്ണിയാര്


“കാട്ടീപ്പോവാം..?”⁣
⁣ഉം..
⁣“കൂട്ടീപ്പോവാം..?”⁣
ഉം..
“കുറുക്കനെ കണ്ടാ പേടിക്കുവോ..?”
ഇല്ല.
“എന്നാ കൊച്ചിനിയൊന്നു കണ്ണ് തൊറന്നേ..”

⁣ഇറുക്കിയടച്ച തന്റെ കണ്ണുകൾ രാമൻ മെല്ലെത്തുറന്നപ്പോൾ ഇരുട്ടുണ്ണിയാരെന്നു വിളിപ്പേരുള്ള പാക്കരൻ അവന്റെ മുഖത്തേക്ക് ഒരൊറ്റ ഊതായിരുന്നു.⁣ അയാളുടെ വലിയ വായിൽ നിന്നും പുറപ്പെട്ടുവന്ന കനമുള്ള വായു രാമന്റെ മുഖത്ത് ആഞ്ഞൊരടിപോലെ വന്നു വീണതും, കലിപൂണ്ട ഒരൊറ്റയാന്റെ ചിന്നംവിളിയൊച്ച അന്തരീക്ഷത്തെ വിറപ്പിച്ചതും ഒരേ നിമിഷത്തിലാണ്‌. അപ്രതീക്ഷിതമായി തന്റെ മുഖത്തേറ്റ കാറ്റിന്റെ ശക്തിയിൽ ചെറുക്കൻ പേടിച്ച് പിന്നിലേക്ക് മലർന്നുപോയി.⁣ പനച്ചിത്തറക്കാരുടെ വീടിനു പിന്നിലെ വെട്ടുചാലിൽക്കിടന്ന പോത്തിനെ കയറ്റാൻ വന്ന പാൽക്കാരൻ അവറാനാണ് ഇരുട്ടരിച്ചിറങ്ങിയ സന്ധ്യയിൽ ചില്ലിത്തെങ്ങിന്റെ മറപിടിച്ച് ആ കാഴ്ചയത്രയും നെഞ്ചിടിപ്പോടെ കണ്ടുനിന്നത്.⁣

പിന്നീട് തന്റെ മുന്നിൽ നടമാടിയ വിചിത്രസംഭവങ്ങൾ മുഴുവനും കണ്ണിമവെട്ടാതെ നോക്കിയിരുന്ന അവറാന്റെ ദേഹം ഭയത്താൽ കുളിർന്നുപോയി. കേട്ടുകേൾവി പോലുമില്ലാത്ത ആ കാഴ്ചകളിൽ നിന്നും ബുദ്ധിയുണർന്നു സ്ഥലകാല ബോധമുണ്ടായപ്പോൾ ചാലിൽക്കിടന്ന എരുമകളെപ്പോലും മറന്ന്..നാക്കിലേക്കിരച്ചുവന്ന നിലവിളി അടക്കിപ്പിടിച്ചു കൊണ്ടാണ് അയാൾ ഇരുട്ടിലേക്ക് തിരിഞ്ഞോടിക്കളഞ്ഞത്. പത്തുവയസ്സുള്ള രാമന് അന്നാദ്യമായുണ്ടായ അപസ്മാരബാധയോടെ പറമ്പിൽനിന്നും കണ്ടെടുത്തതു മുതൽ തുടങ്ങിയതാണ് പനച്ചിത്തറക്കാരുടെ കഷ്ടകാലം.⁣


Related Articles