അതിരാണിപ്പാടത്ത് നിന്നും ശ്രീധരൻ ഓർത്തെടുക്കുന്ന അമ്മുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എസ്.കെ. പൊറ്റെക്കാട്ട് തന്റെ വിഖ്യാതമായ 'ഒരു ദേശത്തിന്റെ കഥ' എന്ന നോവൽ ആരംഭിക്കുന്നത്. ബൃഹത്തായ ഈ നോവൽ അവസാനിക്കുന്നതാവട്ടെ അതേ സ്ഥലത്തുവെച്ച് ശ്രീധരൻ കണ്ടുമുട്ടുന്ന അപരിചിതനായ ഒരു ചെറുപ്പക്കാരനെ അവതരിപ്പിച്ചുകൊണ്ടും. ഇതിനിടയിൽ നോവലിൽ അസംഖ്യം കഥാപാത്രങ്ങൾ വന്നുപോവുന്നുണ്ട്. സവിശേഷ വ്യക്തിത്വമില്ലാത്ത ഒരു കഥാപാത്രവും ഒരു ദേശത്തിന്റെ കഥയിലില്ല. തൊണ്ണൂറു വയസ്സുകഴിഞ്ഞ ഈർച്ചക്കാരൻ വേലുമുപ്പരുടെയും അയാൾ തൊട്ടിലാട്ടിക്കൊണ്ടിരിക്കുന്ന തന്റെ നാലാമത്തെ തലമുറയിലെ കുഞ്ഞായ ബിന്ദുവിന്റെയും സാന്നിദ്ധ്യത്തിലാണ് ശ്രീധരൻ തന്നിലും അതിരാണിപ്പാടത്തും സംഭവിച്ച പരിവർത്തനങ്ങളെ മനസ്സിലാക്കുന്നത്. തലമുറകൾ തമ്മിലുള്ള ഇഴയടുപ്പവും അകൽച്ചയും നോവലിൽ ആവർത്തിച്ചു കടന്നുവരുന്നുണ്ട്. ഈർച്ചക്കാരൻ വേലുമൂപ്പനും ബിന്ദുവും പൊറ്റെക്കാട്ടിന്റെ വിശാലമായ മാനവികബോധത്തിന്റെ തെളിവുകൾ തുറന്നിടുന്ന കഥാപാത്രങ്ങളാണ്. വേലു എന്ന മനുഷ്യന്റെ പേരിന് മുന്നിലും പിന്നിലും വിശേഷണങ്ങളുണ്ട്. ഈ വിശേഷണങ്ങളാണ് അയാൾക്ക് വ്യക്തിത്വം നൽകുന്നത്. ബിന്ദുവിനെ സംബന്ധിച്ച് വിശേഷണങ്ങളൊന്നുമില്ല. തൊട്ടിലിൽ കിടക്കുന്ന കൈക്കുഞ്ഞാണ്. എന്നാൽ വിശേഷണമില്ലായ്മയാണ് ഈ കഥാപാത്രത്തിന് വ്യക്തിത്വം നൽകുന്നത്. പൊറ്റക്കാടിന്റെ മാനവദർശനം എത്തിച്ചേരുന്ന ഉയർന്ന തലമാണ് ബിന്ദു എന്ന കൈക്കുഞ്ഞിലൂടെ തെളിഞ്ഞുവരുന്നത്. ഇതെങ്ങനെയന്ന് മനസ്സിലാവണമെങ്കിൽ ഒരു ദേശത്തിന്റെ കഥയിലെ കഥാപാത്രങ്ങളെ ശ്രദ്ധയോടെ പിന്തുടർന്നാൽ മതി.
ആഖ്യായിക എന്ന നിലയിൽ നോവലിന്റെ അടിത്തറ നിലകൊള്ളുന്നത് ഇതിവൃത്തത്തിലാണെങ്കിലും അതിനെ ചലിപ്പിക്കുന്നതാവട്ടെ കഥാപാത്രങ്ങളാണ്. അതിനാൽ കഥാപാത്രങ്ങൾക്ക് നോവലിൽ മുഖ്യസ്ഥാനമുണ്ട്. വിഭിന്നങ്ങളായ അനേകം സംഭവങ്ങളെ കോർത്തിണക്കി സുദൃഢമായ പ്ലോട്ട് സൃഷ്ടിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുക. അതിനായി അയാൾ പ്രതിഭിന്നരായ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ ഉപയോഗപ്പെടുത്തുന്നു. ഇതിൽനിന്നും നേർവിപരീതമായി കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി സംഭവങ്ങൾ സൃഷ്ടിക്കുന്ന രീതി പ്രതിഭാശാലികളായ എഴുത്തുകാർ അപൂർവ്വമായെങ്കിലും ഉപയോഗപ്പെടുത്താറുണ്ട്. സംഭവങ്ങൾക്കല്ല, കഥാപാത്രങ്ങൾക്കാണ് അവിടെ മുഖ്യസ്ഥാനം. ഈ രീതിയാണ് ഒരു ദേശത്തിന്റെ കഥയിൽ എസ്.കെ. പൊറ്റെക്കാട്ട് സ്വീകരിക്കുന്നത്. മലയാള നോവലിൽ അധികമാരും ഈ രീതി ഉപയോഗിച്ചിട്ടില്ല. ഈ അപരിചിതത്വം കൊണ്ടാണ് കെ.പി. അപ്പനെപ്പോലുള്ള നിരൂപകനുപോലും ഒരു ദേശത്തിന്റെ കഥയിൽ സൂപ്പർ ജേർണലിസ്റ്റിന്റെ കരവിരുത് മാത്രം കാണാൻ സാധിച്ചത്. സംഭവങ്ങൾക്ക് മുമ്പേ നടക്കുന്ന പൊറ്റെക്കാട്ടിന്റെ കഥാപാത്രങ്ങളെ പിന്തുടരാൻ അപ്പന് കഴിയാതെപോയത് ആധുനികത അദ്ദേഹത്തിന് സമ്മാനിച്ച ചില സൗന്ദര്യശിക്ഷണങ്ങൾ കാരണമാണ്. കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വേണ്ടിയാണ് പൊറ്റെക്കാട്ട് ഈ നോവലിലെ മിക്ക സംഭവങ്ങളും അവതരിപ്പിക്കുന്നത്. നോവലിൽ സൂചിതമാവുന്ന എല്ലാ മനുഷ്യരും കഥാപാത്രങ്ങളാവണമെന്നില്ല. വ്യക്തിത്വമുള്ള മനുഷ്യരാണ് കഥാപാത്രങ്ങളായി മാറുന്നത്. വ്യക്തിത്വത്വമുള്ള കഥാപാത്രങ്ങളെ സങ്കൽപിക്കുമ്പോളാണ് എഴുത്തുകാരൻ പരീക്ഷണത്തിന് വിധേയമാവുന്നത്. പൊറ്റക്കാടിന്റെ പ്രതിഭ പരീക്ഷണത്തിന് വിധേയമായിട്ടുണ്ടെന്ന് നോവലിലെ മിക്ക കഥാപാത്രങ്ങളും സാക്ഷി പറയുന്നുണ്ട്.
