ഇലഞ്ഞി പൂവിന്റെ മണം... നമ്മുടെ ഓർമ്മകളെ മണങ്ങളോടും ചിലപ്പോൾ നമ്മൾ ചേർത്ത് നിർത്താറുണ്ട്...
ചെറുതായിരുന്നപ്പോൾ, എനിക്കു തോന്നുന്നു എട്ടോ ഒമ്പതോ വയസുള്ളപ്പോൾ എന്റെ സ്കൂളിലേക്ക് പോകുന്ന ഇടവഴിയിൽ വലിയ ഇലഞ്ഞി മരമുണ്ട്. അതിന്റെ വേരിനിടയിലൂടെ മഴക്കാലത്തു വെള്ളം കുത്തിയൊലിച്ചു മണ്ണെല്ലാം ഒലിച്ചു പോയി നിലത്തോട് ബന്ധമില്ലാതെ ഉയർന്നു നിൽക്കുന്ന വേരുകൾ ചില സമയത്ത് ഇണ ചേരുന്ന പാമ്പുകളെ ഓർമിപ്പിച്ചു. ആ മരത്തിനപ്പുറം കുറേ കാട്ടു മുല്ലച്ചെടിയുണ്ട്... കാട്ടു മുല്ല പൂക്കുന്ന കാലത്ത് ആ വഴിക്ക് ഒരു പ്രത്യേക മണമാണ്... ഈ മണവും പാമ്പ് കണക്കെയുള്ള വേരുകളും എല്ലാം കൂടെ ആ വഴിക്ക് ഒരു നിഗൂഢതയുണ്ട്... വലിയവർക്കല്ല.. ഞങ്ങൾ കുട്ടികളുടെ ലോകത്ത് ആ വഴി പ്രേതത്തിന്റെയും പിശാചിന്റെയും വഴിയായി മാറി...
എന്നാലും ഇലഞ്ഞിക്കായ ഉണ്ടാകുന്ന സമയത്ത് ചില ധൈര്യശാലികൾ ആ വഴിക്ക് പോവാറുണ്ട്. കൈക്കുമ്പിളിൽ നിറയെ ഇലഞ്ഞിക്കായ പെറുക്കി അവർ നമ്മുടെ മുന്നിൽ ഹീറോ ആവും... 10 ഇലഞ്ഞി കായ്ക്ക് 5 പൈസ കൊടുക്കണം.. സ്കൂളിൽ കച്ചവടവും പൊടി പൊടിക്കുന്നു... വീട്ടിൽ നിന്നും 5 പൈസ പോയിട്ട് 1പൈസ പോലും കിട്ടാനില്ലാത്ത എന്നെപ്പോലുള്ളവർക്ക് ഇത് നോക്കി നിൽക്കാനേ കഴിയൂ... പിന്നെ മറ്റൊന്ന് പറ്റും... "ദേ ഓന്‍ ഇലഞ്ഞി കായ പെറുക്കിക്കൊണ്ടു വന്നു പൈസക്ക് വിൽക്കുന്നുണ്ട് മാഷേ'' എന്ന് നമ്പൂതിരി മാഷോട് ചെന്ന് പറയാം.
