ലൈബ്രറിയിൽ എന്നെ തനിച്ചു കിട്ടുന്ന സന്ദർഭങ്ങളിൽ, ലൈബ്രറിയിലെ പുസ്തക ഉപദേശകനായ മാർക്കസ് എന്റെ അരികിൽ വന്ന് സംസാരിക്കാറുണ്ടായിരുന്നു. അതെനിക്കും പ്രിയങ്കരമായ മുഹൂർത്തങ്ങളായിരുന്നു. അതിനു വേണ്ടി ഞാൻ അവിടെയുള്ള സന്ദർശനങ്ങൾ അധികവും ഒറ്റയ്ക്കായിരിക്കാൻ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ സംസാരത്തിൽ അക്ഷരങ്ങളും, പുസ്തകങ്ങളും, കഥാകാരൻമാരുമായിരുന്നു മുഖ്യമായ വിഷയങ്ങൾ.
മാർക്കസിന്റ പുസ്തകങ്ങളോടുള്ള അടങ്ങാത്ത പ്രണയവും, അപാരമായ പാണ്ഡിത്യവും എന്നിൽ ആശ്ചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഞാൻ വായിച്ച അധികം പുസ്തകങ്ങളും അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു. നീയത് നിർബന്ധമായും വായിച്ചിരിക്കണം എന്ന താക്കീതിന്റെ രൂപത്തിലായിരിക്കും ചിലപ്പോഴൊക്കെയുള്ള നിർദ്ദേശങ്ങൾ, അങ്ങനെ വായിച്ച പുസ്തകങ്ങൾ ഞാൻ ഹൃദയത്തിൽ സുവർണ്ണ ലിപിയാൽ കൊത്തിവെച്ചിട്ടുണ്ട്.
ഇന്നദ്ദേഹം രണ്ട് കപ്പിൽ കോഫിയുമായിട്ടാണ് ഞാനിരിക്കുന്ന മേശക്കരികിൽ വന്നത്, ഒരു കപ്പ് എന്റെ നേരെ നീട്ടി കൊണ്ട് അദ്ദേഹം കസേരയിലിരുന്നു.
ചൂടുള്ള കാപ്പി ഞാൻ ഊതിയൂതി കുടിച്ചു. കാപ്പിയുടെ രുചി സാധരണ രീതിയിൽ നിന്നും വ്യത്യസ്തമായതുകൊണ്ട് ഞാനദ്ദേഹത്തിന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി. നീണ്ട നരച്ച താടിയിൽ തടവികൊണ്ട് ചെറുപുഞ്ചിരിയോടെ പറഞ്ഞു.
