തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെത്തുടർന്നുണ്ടായ ദുരന്തവാർത്തകൾ പുറത്തുവന്ന സമയം ആദ്യം മനസ്സിലേക്കെത്തിയത് അവിടത്തെ ഭൂപ്രകൃതിതന്നെയാണ്. ആ ഭൂമി പിളർന്ന് പതിനായിരക്കണക്കിന് മനുഷ്യരാണ് മണ്ണിനടിയിലായത്. അപ്പോൾത്തന്നെ അവിടെയുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെടാനും ശ്രമിച്ചു. ഓർഹൻ പാമുകിനെയാണ് ആദ്യം ബന്ധപ്പെടാൻ ശ്രമിച്ചത്. അവിടെ പരിചയക്കാരായ ചില പുസ്തകപ്രസാധകരുമുണ്ട്. ഇന്ത്യയിലെ ടർക്കിഷ് അബാസിഡറടക്കമുള്ള മറ്റു ചിലരും. ഇവരെയെല്ലാവരെയും ഫോൺ വഴിയും ഇ.മെയിൽ വഴിയും ബന്ധപ്പെടാനുള്ള ശ്രമം നടത്തി. പാമുക് അടക്കമുള്ള സുഹൃത്തുക്കൾ ഭൂകമ്പം ബാധിക്കപ്പെട്ട ഭാഗത്തുള്ളവരായിരുന്നില്ല എന്നതായിരുന്നു ആദ്യത്തെ ആശ്വാസം.
ഇസ്താംബുൾ മാത്രമല്ല, കാപിഡോക്കിയ അടക്കമുള്ള തുർക്കിയിലെ മറ്റുചില പ്രദേശങ്ങളിലൂടെയും സ്വയം കാർ ഡ്രൈവുചെയ്തുകൊണ്ട് യാത്ര ചെയ്ത പരിചയം എനിക്കുണ്ടായിരുന്നു. അവിടങ്ങളിൽ ഭൂകമ്പം കാര്യമായി ബാധിച്ചിരുന്നില്ല. തുർക്കി-സിറിയ അതിർത്തിപ്രദേശങ്ങളിലാണ് അത് വൻദുരന്തമുണ്ടാക്കിയത്. പക്ഷേ ആ ചെറുരാജ്യങ്ങളിലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാവരെയും അത് പലവിധത്തിൽ ബാധിച്ചു. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയുടെയും കുടുംബബന്ധങ്ങളിലോ വ്യക്തിബന്ധങ്ങളിലോപെട്ട പലരും പലയിടത്തായി മണ്ണിനടിയിലായി. ഇത്തരം ആഘാതത്തിൽനിന്ന് വ്യക്തികൾക്ക് രക്ഷപ്പെടുക എളുപ്പമല്ല. ഓർഹൻ പാമുകുമായി ബന്ധപ്പെടുമ്പോൾ അദ്ദേഹം പറഞ്ഞതും ഇതൊക്കെത്തന്നെയാണ്. തന്റെ ഈ മാനസികാവസ്ഥ ‘ന്യുയോർക്ക് ടൈംസി’ൽ ഒരു ലേഖനമായി എഴുതാനുള്ള ശ്രമത്തിലാണെന്ന് അപ്പോൾ അദ്ദേഹം പറയുകയുണ്ടായി. എന്തെങ്കിലും എഴുതുകമാത്രമാവും ഇപ്പോഴത്തെ മാനസികാഘാതത്തിൽനിന്ന് താൽക്കാലികമായെങ്കിലും രക്ഷപ്പെടാനുള്ള ഏകവഴി എന്ന് അദ്ദേഹം കരുതുന്നു. തുർക്കി ജനതയെ മൊത്തമായി ട്രോമറ്റെസ് ചെയ്ത ആഘാതത്തിൽനിന്ന് അദ്ദേഹത്തിനു മാത്രമായി രക്ഷപ്പെടുക ക്ഷിപ്രസാധ്യമായ കാര്യമല്ലല്ലോ.
2008-ൽ, കൊറിയയുടെ തലസ്ഥാനമായ സോളിൽ വച്ചാണ് ലോകപ്രശസ്ത സാഹിത്യകാരനും നോബൽസമ്മാന ജേതാവുമായ ഓർഹൻ പാമുകിനെ ഞാൻ ആദ്യം കാണുന്നത്. ഒരു കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ഞാനും സഞ്ചാരത്തിന്റെ ഭാഗമായി അദ്ദേഹവും സോളിലെത്തിയതായിരുന്നു. രണ്ടുപേരും താമസിച്ചത് ഒരേ ഹോട്ടലിലായിരുന്നതുകൊണ്ട് യാദൃച്ഛികമായി കണ്ടുമുട്ടാനും അവസരമുണ്ടായി.
