ഇരിപ്പിടങ്ങൾ

Readers Ink

ഇരിപ്പിടങ്ങൾ


എയർകണ്ടീഷൻ തണുപ്പുനിറഞ്ഞ മുറിയ്ക്കുള്ളിൽ നിരനിരയായി ഇരുപത്തെട്ട് കസേരകളുണ്ടായിരുന്നു. ദീർഘനേരമായുള്ള കാത്തുനിൽപ്പിൽ മടുത്തു, ഞാനതു പലവട്ടം എണ്ണി നോക്കി. ഒരുവരിയിൽ ഏഴ് കസേരകൾ, നാലാളുകൾ മാത്രം ഇരിക്കുന്നു. അങ്ങനെ നാലുവരികൾ. ഒന്നിടവിട്ടാണിരിക്കുന്നത്. ആകെ പതിനാറുപേർ. ഇരിക്കുന്നവരിൽ രണ്ടുപേർ പർദ്ദ അണിഞ്ഞ സ്ത്രീകളായിരുന്നു.

കസേരകൾക്കു പുറകിലായി എന്നോടൊപ്പം ചുവരിനോടു ചേർന്ന് കുറച്ചുപേർ നിൽക്കുന്നുണ്ട്. ഞാനവരെയും എണ്ണി നോക്കി. എന്നെയും ചേർത്തു പന്ത്രണ്ടുപേരുണ്ട്. ഒഴിഞ്ഞു കിടക്കുന്ന പന്ത്രണ്ടു കസേരകൾ. ഇരുന്നാൽ സാമൂഹ്യ അകലം ഖണ്ഡിക്കപ്പെടും. അതിനാൽ പന്ത്രണ്ടുപേരും ഞെരുങ്ങി നിന്നു. എല്ലാവരുടെയും കണ്ണുകൾ മാറുന്ന ടോക്കൺ നമ്പർ സ്ക്രീനിലേക്കായിരുന്നു. മിനിട്ടുകൾക്കു ശേഷമാണ് ഒന്നുമാറി മറ്റൊന്നായി ടോക്കൺ നമ്പർ തെളിഞ്ഞു കൊണ്ടിരുന്നത്.

കണ്ണാടി വാതിൽ തുറന്നൊരു സ്ത്രീ ഹാളിനുള്ളിലേക്കു കടന്നുവന്നു. നിലാവൊഴുകുന്നതു പോലെ അവൾ നടന്ന് മുറിയുടെ കോണിൽ ചെന്നു നിന്നു. പല വർണ്ണങ്ങൾ നിറഞ്ഞ മനോഹരമായ സാരിയിൽ അവൾ സുന്ദരിയായിരിക്കുന്നു. നടക്കുമ്പോൾ അനാവൃതമാകുന്ന അണിവയറിലെ നഗ്നതയിലേക്ക് ഇടയ്ക്കു കണ്ണൊന്നു പാളിയിരുന്നു. അവളുടെ വസ്ത്രത്തിൽ നിന്നുള്ള വശ്യമായ സുഗന്ധം ഹാളിനുള്ളിൽ പരന്നു. അവൾക്കരികിൽ നിൽക്കുന്ന ചെറുപ്പക്കാരൻ്റെ കണ്ണുകൾ മൊബൈൽ നോക്കുന്നു എന്ന വ്യാജേന ഇടയ്ക്കവളിലേക്കും സഞ്ചരിച്ചു. തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്നും അവൾ മൊബൈൽ പുറത്തെടുത്തു. ചെവിയിൽ കുത്തിയ ഇയർഫോൺ വഴി പാട്ടാസ്വദിക്കാൻ തുടങ്ങി. താളത്തിൽ ചലിക്കുന്ന ശിരസ്സ് അവൾ സംഗീതം ആസ്വദിക്കുന്നതിനു തെളിവായിരുന്നു. കൂടി നിന്നവരുടെ കണ്ണുകൾ അൽപ്പനേരം അവളെ പിന്തുടർന്നിട്ട് തിരികെ ടോക്കൺ സ്ക്രീനിലേക്കു മടങ്ങിയെത്തി.


Related Articles