കാർക്കശ്യങ്ങളുടെ ഉടേതമ്പുരാട്ടി

Readers Ink

കാർക്കശ്യങ്ങളുടെ ഉടേതമ്പുരാട്ടി


ർമ്മകളും അനുഭവങ്ങളും രാഷ്ട്രീയബോധവും ആത്മപരിശോധനയും ഇഴചേർന്ന ആത്മകഥാപരമായ ഒരു രചനയാണ് അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മീ. വ്യക്തിജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ സമൂഹത്തോടും ചരിത്രത്തോടും അധികാരഘടനകളോടുമുള്ള എഴുത്തുകാരിയുടെ വിമർശനാത്മകമായ സമീപനം ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. ഭൂതകാലത്തുനിന്നും വർത്തമാനകാലത്തുനിന്നും വായനയിൽ നിന്നും ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞ എഴുത്തിന്റെ മായികലോകം ഈ പുസ്തകത്തിൽ കാണാം. ഈ പുസ്തകത്തിൻ്റെ കേന്ദ്രബിന്ദു എഴുത്തുകാരിയും അവരുടെ അമ്മയായ മേരി റോയിയും തമ്മിലുള്ള സങ്കീർണവും വൈകാരികവുമായ ബന്ധമാണ്. അമ്മ-മകൾ സങ്കീർണ്ണബന്ധത്തിലെ സ്നേഹവും സംഘർഷവും അകൽച്ചയും പുനഃസമാഗമവും സത്യസന്ധമായും അതിതീഷ്ണമായും സ്മരണകളിലൂടെ അവതരിപ്പിക്കുന്നു.

"എൻ്റെ അമ്മ എൻ്റെ ഗ്യാങ്സ്റ്റർ ജീവിക്കും. അവർ എൻ്റെ അഭയവും കൊടുങ്കാറ്റുമായിരുന്നു."ജീവിത സഹനങ്ങളെ സധൈര്യം അതിജീവിച്ച ഇന്ത്യൻ സ്ത്രീത്വത്തിന്റെ പ്രതീകമായി മേരി റോയി നിലകൊള്ളുന്നു. വ്യക്തിപരമായ അനുഭവങ്ങൾ വെറും ഓർമ്മകൾ മാത്രമല്ല, ഒരു സ്ത്രീയുടെ സ്വത്വാന്വേഷണത്തിന്റെ ഭാഗമായി ഇവിടെ രൂപാന്തരപ്പെടുന്നു. അപമാനം, ഭയം, കോപം, പരിഭ്രമം എന്നീ അവസ്ഥകളെ അതിജീവിക്കുന്ന അമ്മയുടെയും മകളുടെയും അനുഭവങ്ങളുടെ ചൂടും ചൂരും ഇതിൽ വർണ്ണിക്കുന്നു. അമ്മയുടെ രോഗാവസ്ഥയിൽ നിസ്സഹായരായ ബാല്യത്തിന്റെ ഓർമ്മകളിൽ ഏറ്റവും വലിയ ആശ്രയത്തിൻ്റെ തുരുത്തായി അവർക്കൊപ്പം ഉണ്ടായിരുന്നത് കുരിശമ്മാൾ എന്ന് വിളിക്കുന്ന തുന്നൽക്കാരിയായ ഒരു സ്ത്രീയാണ്. അവരിലൂടെ സ്നേഹമെന്തെന്നും കരുതലെന്തെന്നും അരുന്ധതി അറിഞ്ഞു. പിന്നീടുള്ള അയ്മനത്തെ ജീവിതം എപ്പോൾ വേണമെങ്കിലും തകർന്നു പോകാവുന്ന ഒരു നേർത്ത വരമ്പ് പോലെയായിരുന്നു. ജീവിതസാഹചര്യങ്ങൾ അമ്മയായ മേരി റോയിയുടെ കോപം അനിയന്ത്രിതവും യുക്തിഹീനവുമാക്കി. പ്രവചനാതീതമായ നാൾവഴികൾ അവരുടെ സമനില തെറ്റിച്ചു കൊണ്ടേയിരുന്നു. ചഞ്ചലചിത്തയെങ്കിലും അപാരമായ ക്ഷമയുള്ള വേട്ടക്കാരിയെ പോലെയായിരുന്നു മേരി റോയി. കൈയിൽ ഒരു ഭൂപടം പോലും ഇല്ലാതെ കുഴിബോംബുകൾക്കിടയിലൂടെ നടന്നുപോകുന്ന ഒരു പെൺകുട്ടിയായി അരുന്ധതി മാറി. കോപവിസ്ഫോടനങ്ങളിൽ അവരുടെ കൈയും കാലും ചിലപ്പോൾ തല പോലും ചിതറിതെറിച്ചു പോകുന്നത് അവരറിഞ്ഞു. അച്ഛൻ്റെയും അമ്മയുടെയും സ്ഥാനത്തേക്ക് ഒരു സ്ത്രീ ഒറ്റയ്ക്ക് പ്രതിഷ്ഠിക്കപ്പെടുമ്പോൾ അതിജീവന വഴികൾ അവരുടെ സ്വഭാവത്തിൽ അതിയായ മാറ്റം വരുത്തി. ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്ഥലങ്ങളൊക്കെ ഏറ്റവും അപകടകരമെന്ന് തിരിച്ചറിഞ്ഞവർ!

എഴുത്തിലുടനീളം ബാല്യകാല ഓർമ്മകളെ അരുന്ധതി റോയി തീവ്രമായി വീണ്ടെടുക്കുന്നു. ഗന്ധങ്ങളോടും ബിംബങ്ങളോടും ചേർന്നുനിൽക്കുന്ന വിവരണങ്ങൾ നിരവധിയാണ്."ഞങ്ങൾക്ക് അച്ചാറിന്റെ മണമായിരുന്നു."എന്ന സൂചകത്തിലൂടെ അവധി ദിവസങ്ങളിൽ അങ്കിളിനോടൊപ്പം അച്ചാർ ഫാക്ടറിയിൽ കറിപൗഡർ പായ്ക്ക് ചെയ്തതും കുപ്പികളിൽ ലേബൽ ഒട്ടിച്ചതും വായനക്കാരനിലേക്കും ഗന്ധമായ് പടരുന്നു. ചില ഓർമ്മകളെ ചേർത്തു വായിക്കുമ്പോൾ അന്ന് ധരിച്ചിരുന്ന വസ്ത്രം അതിലെ ഡിസൈൻ അപ്പോഴത്തെ ഹെയർസ്റ്റൈൽ ഇതൊക്കെയും എഴുത്തുകാരിയെ വിടാതെ പിന്തുടരുന്നതായി കാണാം. മേരി റോയിയുടെ സഹോദരബന്ധം ദ്വിമാന തലത്തിലുള്ളതായിരുന്നു ഉപദ്രവവും ഉപകാരവും സമാസമം ഇഴചേർന്നു പോകുന്ന സഹോദരങ്ങൾ. സ്വകാര്യ ഇടങ്ങൾക്കും പൊതുവിടങ്ങൾക്കുമിടയിൽ കൃത്യമായ ഭൗമാതിർത്തികളില്ലാത്തതായിരുന്നു വീടും സ്‌കൂളും. സ്കൂൾ മേധാവിയായ അമ്മയെ മിസിസ് റോയ് എന്ന് വിളിച്ചു ശീലിച്ചതും കാലമേറെ കഴിയുമ്പോഴും മകൾക്ക് അവർ മിസ്സിസ് റോയിയായി ഒരകലത്തിൽ തുടർന്നതും കാലത്തിൻ്റെ രീതികളുടെ നീതിയാകുന്നു. ചാരിറ്റിയുടെയോ സാമൂഹ്യപ്രവർത്തനത്തിന്റെയോ അംശങ്ങളൊന്നുമില്ലാതെ മേരി റോയി തന്റെ വിദ്യാഭ്യാസസ്ഥാപനത്തിന്റെ വേറിട്ടപാതയിലൂടെ ശ്രദ്ധേയമായ മുന്നേറ്റം സമൂഹത്തിലുണ്ടാക്കി. അവരുടെ പ്രവർത്തികളുടെ ഊർജ്ജം ഉരുക്ക് പോലെ ഉറച്ച രോക്ഷമായിരുന്നു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തെക്കുറിച്ച് അവർ കോടതിയെ സമീപിക്കുകയും പുതിയ വിധിന്യായം നേടിയെടുക്കുകയും ചെയ്തു. 


Related Articles