ഇന്ന് എന്റെ വിവാഹവാർഷികമാണ്, ഭാര്യയാണ് രാവിലെ ഓർമ്മിപ്പിച്ചത്. അവൾക്ക് എന്നും എന്റെ കാര്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ. അവളിൽ എന്നുമൊരു കാമുകിയെ കാണാനാണ് ഞാൻ ആഗ്രഹിച്ചത് എന്നിൽ ഒരു മകനെ കാണാൻ അവളും. ഇന്നത്തെ ദിവസം മധുരമായി എന്തെങ്കിലും ഉച്ചയൂണിനൊപ്പം വേണമെന്നുള്ളത് അവളുടെ നിർബന്ധമാണ്. ഞങ്ങളുടെ എന്ത് ആഘോഷമായാലും അവൾ മറക്കാറില്ല. അത് ഇനി അമ്മയുടെയും അച്ഛന്റെയും ശ്രാദ്ധമാണെങ്കിൽ കൂടി മുന്നേ അവൾ ഒരുക്കങ്ങൾ തുടങ്ങും. അതെന്റെയൊരു രക്ഷപ്പെടൽ കൂടിയാണ്. ഈവക കാര്യങ്ങളൊന്നും അവൾ വന്നതിൽ പിന്നെ ഞാൻ ഓർത്തു വെച്ചിട്ടില്ല. എല്ലാം കൂടി ഒരു തലയ്ക്കുള്ളിൽ ഒതുക്കിക്കൊണ്ടാണ് അമ്മ നടക്കുന്നതെന്ന് ഇളയ മകൻ എപ്പോഴും പറയും. അമ്മയുടെ തല ഒരു ഭൂമിയാണ്, ഞങ്ങൾ അതിലെ ആന്തേവാസികളും. തമാശയാണെങ്കിലും അതിലും അല്പം കാര്യമുണ്ട്. അവളുടെ പരിഭവങ്ങൾ എന്നും എന്നോട് മാത്രമായിരുന്നു. അതൊരിക്കലും അവളുടെ കാര്യങ്ങൾക്ക് ആവാറില്ല. മകളുടെയോ ബന്ധുക്കളുടെയോ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു തന്നത് ഞാൻ മറന്നു പോയാൽ മതി, അവിടെ തീരും ഒരു ദിവസത്തിന്റെ സന്തോഷം. മുഖം വീർപ്പിക്കൽ, കരച്ചിൽ എന്നു വേണ്ട കണക്കു പറച്ചിൽ ഒഴിച്ച് ബാക്കി എല്ലാ നാടകങ്ങളും അരങ്ങേറും. അപ്പോള്‍ മാത്രം അവൾ സാധാരണ ഒരു വീട്ടമ്മയാവും.
അങ്ങനെ മറന്നൊരു സംഭവമെന്നു പറയാൻ ഉണ്ടായത് മനുവിന്റെ സ്കൂളിലെ വാർഷിക പരിപാടിയായിരുന്നു. അന്നവൻ അഞ്ചാം ക്ലാസ്സിലായിരുന്നു. രണ്ടു ദിവസം മുന്നേ തന്നെ അവളെന്നോട് പറഞ്ഞതായിരുന്നു. പക്ഷേ ഞാൻ തിരക്ക് കാരണം മറന്നു പോയി അന്നത്തെ ദിവസം. ശരിയ്ക്കും പറഞ്ഞാൽ മൊയ്തീനാണ് കാരണക്കാരൻ, ഓഫീസിൽ നിന്ന് ഇറങ്ങിയ എന്നെ നോക്കി വിളറിയ ചിരിയോടെ മൊയ്തീൻ നിൽപ്പുണ്ടായിരുന്നു.
മൊയ്തീൻ എന്റെ ബാല്യകാല സുഹൃത്താണ്. എന്റെ ജീവൻ രക്ഷിച്ചവനാണ് അവൻ. അന്ന് ഞാൻ നാലാം തരം പഠിക്കുന്ന കാലം. മൊയ്തീനോട് ഞങ്ങൾ ബാക്കിയുള്ള എല്ലാ കുട്ടികൾക്കുമുള്ള ഒരേ ഒരു അസൂയ എന്താന്നു വെച്ചാൽ ബഷീർക്ക അവനെ സ്കൂളിൽ അയയ്ക്കുന്നില്ലായിരുന്നു എന്നതായിരുന്നു. അവന് ഇഷ്ടമുള്ളപ്പോൾ പുഴയിൽ പോകാം മീനിനെ പിടിക്കാം, മാവിൻ കയറാം. പൊന്നാരം കുന്നിന്റെ മുകളിൽ പോയി മഞ്ചാടി പെറുക്കാം. കാലി ചെക്കന്മാരുടെ കൂടെ പയ്യിനെ മേയ്ക്കാന്‍ പോകാം. കുന്നിന് മുകളിൽ ചെന്നാൽ മാനം കൈ കൊണ്ട് തൊടാവുന്ന അത്ര അടുത്താണ് എന്ന് മൊയ്തീൻ പറയുമ്പോൾ ഞങ്ങൾക്ക് അവനോട് നല്ല അസൂയ തോന്നും. പിന്നെ അവൻ പുഴയിലെ സ്വർണ മീനുകളെ കണ്ടിട്ടുണ്ടത്രേ അതുംകൂടി പോരെ..
