പുല്ലേലിക്കുഞ്ചുവും കുന്ദലതയും

Readers Ink

പുല്ലേലിക്കുഞ്ചുവും കുന്ദലതയും


നോവൽ, കഥ, കവിത, എന്നുവേണ്ട സമസ്ത സാഹിത്യസൃഷ്ടികളുടേയും രൂപഭാവങ്ങൾ കാലത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. അതിനാൽത്തന്നെ അവയുടെ ലക്ഷണം നിർവ്വചിക്കൽ അസാധ്യവുമാണ്. യഥാർത്ഥത്തിൽ അത്തരമൊരു നിർവ്വചനത്തിന്റെ ആവശ്യമേ ഇല്ല എന്നതാണ് ശരി. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്ന വിശേഷണം 'ഇന്ദുലേഖ'യ്ക്ക് കൊടുക്കുകയും, ആദ്യനോവലെന്നു പറഞ്ഞ് കുന്ദലതയെ ഇകഴ്ത്തുകയും ചെയ്യുന്ന (ഒന്ന് ലക്ഷണമൊത്തതെന്ന് പറയുമ്പോൾ അതിനുമുൻപേ പിറന്നത് ലക്ഷണംകെട്ടതെന്ന് സ്ഥാപിക്കലാണല്ലോ!) മലയാള സാഹിത്യലോകം ഒരു വീണ്ടുവിചാരം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

കുന്ദലത എന്ന കൃതി വായിക്കാനെടുക്കുമ്പോൾ അതിന്റെ ഒന്നാം പതിപ്പിന് രചയിതാവ് എഴുതിയ മുഖവുര വായിക്കാതെ മുന്നോട്ട് പോകരുത്. നോവൽ എഴുതിയ കാലഘട്ടത്തെക്കുറിച്ചും അതെഴുതാനിടയായ സാഹചര്യത്തെക്കുറിച്ചും നോവലിസ്റ്റ് വ്യക്തമായ സൂചനകൾ മുഖവുരയിൽ നൽകുന്നുണ്ട്. 1887 ഒക്ടോബർ മാസത്തിലാണ് കുന്ദലത പ്രസിദ്ധീകരിക്കപ്പെടുന്നത്. അതുകഴിഞ്ഞ് നാലു വർഷങ്ങത്തിനുശേഷം 1891ൽ ആണ് തൃശൂരിൽനിന്നിറങ്ങിയിരുന്ന 'വിദ്യാവിനോദിനി' മാസികയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച 'വാസനാവികൃതി' എന്ന ആദ്യ മലയാളകഥ മഷി പുരണ്ട് പുറത്തിറങ്ങുന്നതെന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. അതായത് മലയാളം മാത്രം വായിക്കാനറിയുന്ന ഒരു സമൂഹത്തിന് വായനയുടെ ഒരു പുതിയ ലോകം അപ്പു നെടുങ്ങാടി നൂറ്റിമുപ്പത്തഞ്ചു കൊല്ലങ്ങൾക്കുമുൻപ് തുറന്നുവെന്നു പറയാം. ഒന്നാം പതിപ്പിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതിയ ചില വരികൾ കുറിക്കട്ടെ:

''ഇംഗ്ലീഷിൽ പുതുമാതിരികഥ എന്നർത്ഥമായതും 'നോവൽ' എന്നു പേരു പറയുന്നതും വായനക്കാർക്കു വളരെ നേരംപോക്കുള്ളതും ആയ അനേകം പുസ്തകങ്ങൾ ഉണ്ട്. മലയാളഭാഷയിൽ അതുപോലുള്ള പുസ്തകങ്ങൾ ഇല്ലായ്കയാൽ മലയാളക്കാരിൽ ഇംഗ്ലീഷു പരിജ്ഞാനമില്ലാത്തവരായ അധികപക്ഷക്കാർക്ക് ആവക പുസ്തകങ്ങളിലെ കഥാരസത്തെയും ഭാഷാചാതുര്യത്തേയും ലേശംപോലും അറിവാൻ കഴിയാതെ, ചെറുപ്പകാലങ്ങളിൽ മാതാപിതാക്കന്മാർ പറഞ്ഞ് അറിവാൻ സംഗതിയുള്ള ചില പുരാണകഥകൾ അവർ രാമായണം, ഭാരതം, നളചരിതം മുതലായ ചുരുക്കം ചില പുസ്തകങ്ങളിൽനിന്നു വായിച്ചെടുത്ത് അവയെത്തന്നെ പിഷ്ടപേഷണംപോലെ ഒട്ടും രസംകൂടാതെ പിന്നെയും പിന്നെയും പലവുരു ആവർത്തിച്ചുകൊണ്ടു കാലം കഴിച്ചുവരുന്നതു വളരെ കഷ്ടംതന്നെ. ഇംഗ്ലീഷു ഭാഷാ പരിജ്ഞാനവും പ്രാപ്തിയും ഉള്ള അപൂർവ്വം ചില കേരളീയരുള്ളവർ ഇതുവരേയും ആ അവസ്ഥയെ ഭേദപ്പെടുത്താൻ ശ്രമിക്കാത്തതും ആശ്ചര്യമാണ്.''


Related Articles