കിടപ്പറയിലെ
നീലനിറമുള്ള ബൾബ്
അർദ്ധരാത്രിയിൽ
ഇറങ്ങി നടക്കുന്നത് കണ്ട്
ഞാൻ
തരിച്ചുനിന്നു.
"എങ്ങോട്ടാ" എന്നു
ചോദിച്ചതും
"ജീവിതം മടുത്തെന്നും
സൂര്യനോളം ജ്വലിച്ച്
കണ്ടതൊക്കെയും
പ്രകാശിപ്പിക്കുമെന്നും "
പ്രഖ്യാപിച്ചു.
കടലാഴങ്ങളിൽ
ശ്വാസം കിട്ടാതെ
ഒരു നിമിഷം
പിടച്ചു
മിന്നിക്കത്തിയാലും മതി
പൊട്ടിപോകും
കുമിളപോലെ
എന്നാർക്കാണറിയാത്തത്.
മൂത്രമൊഴിക്കാൻ തോന്നിയത്
ഭാഗ്യം
കയ്യും കാലും പിടിച്ച്
അകത്തുകൊണ്ടുപോയി
വാതിലടച്ചു.
