സ്നേഹമേ, അലിവാ,യറിഞ്ഞീല നീ
പാരിലാകെ സ്വയം പരക്കുന്നത്
ജീവജാലമുറങ്ങുമ്പൊളൂട്ടുന്ന
ക്ഷീരമായിട്ടകിടു ചുരന്നത്
കേവലത്തിനുമപ്പുറം കത്തുന്ന
നാളമൊന്ന് തെളിഞ്ഞുലയുന്നുടൻ
ഭൂമിയാകെ തുളുമ്പും നിലാവത്
ജീവനെ തലോടുന്നു , സ്വാർത്ഥങ്ങളെ
മാടി നിർത്തുന്നു മൗനത്തിനാജ്ഞയാൽ.
തേനൊലിക്കും മനസ്സിനെ
വേർപെട്ട്
പോയതെങ്ങോ, ട്ടലിവിൻ കണങ്ങളേ
കാരിരുമ്പിൻ കഠിനനീഢം വിട്ടു
ഭൂമിവാസം മടുത്തയാത്മാവു പോ-
ലേതു ദ്വീപിനഗാധഗുഹയ്ക്കുള്ളി -
ലേകമായ് പോയ തന്നെയുപേക്ഷിച്ച് .
ഞാൻ വിളിക്കെ, വിളി കേട്ട മണ്ണിന്റെ
രോദനങ്ങളെ മാറിലണച്ചുടൻ
ചാഞ്ഞിരിക്കെ മരത്തണലിൻ നിഴൽ
പോലെ വന്നു മുറുകി പുണർന്നുടൽ
വ്യാപരിക്കും മിടിപ്പിൻ പുനർഗതി
രാഗമേ,നിന്നനന്തമാം കൈവഴി -
യാകുകെന്നതാണാജന്മമോഹമെൻ
നീരു താഴും, നിറഞ്ഞത് വീണ്ടുമെൻ
ശൂന്യബോധം തളിച്ചുണർത്തും ക്ഷണം
ദേഹഭംഗിതൻ തന്മാത്ര ഭേദിച്ച്
പ്രാണനീരിഴയൂഞ്ഞാലിലേറുമ്പോൾ
എണ്ണമറ്റ കുഴലൊഴുകുന്നതിൽ
മുങ്ങിയാർത്തു കുടിക്ക ദാഹങ്ങളെ.
ഊരിവയ്ക്കുമുടലുടുപ്പിന്റെ മേൽ
നേർമ്മയായി വിരിച്ച മുടിക്കു മേൽ
പൂവുപോലെ മിനുത്ത പുഴുക്കൾക്കു
പ്രാതലുണ്ണുവാനുള്ള വിഭവമായ്
മണ്ണിലിന്നു മലർന്നു കിടപ്പു ഞാൻ
ഉള്ളിലെ പാൽഞരമ്പു തുളുമ്പുമ്പോൾ.
