കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന കുട്ടിക്ക്
സ്വന്തമായി കളിപ്പാട്ടങ്ങളില്ല.
ഉണ്ടാക്കുന്നതെല്ലാം മറ്റുള്ളവർ
വാങ്ങിക്കൊണ്ടുപോകും.
അവൻ ഒളിച്ചും പാത്തും
അവന് വേണ്ടി ഉണ്ടാക്കുന്നതും
കരയുന്ന ഒരു കുഞ്ഞിനെ കണ്ടാൽ
അവൻ തന്നെ എടുത്തുകൊടുക്കും.
ഒരു പാവ മാത്രം ബാക്കി വന്നാലും
അസമയത്ത് ആരെങ്കിലും അന്വേഷിച്ചുവരും.
കളിപ്പാട്ടമില്ലാത്തതിൻ്റെ സങ്കടം പറയും
ഇനി എവിടെ നിന്നും കിട്ടാനില്ലെന്ന് പറയും
ഉള്ളതിങ്ങ് തരുമോയെന്ന് ചോദിച്ച്
വാങ്ങിക്കൊണ്ടുപോകും
'ഇല്ല' എന്ന് പറയാനറിയാത്തവരൊക്കെ
മറ്റുള്ളവർക്ക് കളിപ്പാട്ടങ്ങളാണ്
പാവകൾക്കുള്ള തുണി തുന്നുന്ന
നീണ്ട ചരടിൽ
അവൻ്റെ ജീവിതം മുറിഞ്ഞുപോയി.
മറ്റുള്ളവർക്ക് വേണ്ടി
സന്തോഷമുണ്ടാക്കിക്കൊണ്ടേയിരിക്കുക
എന്നതാണവൻ്റെ ജോലി.
അവനുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾക്കൊക്കെ
പിന്നീടൊരു ജീവിതമുണ്ടാവുന്നുണ്ട്.
പക്ഷേ, അവനതില്ല.
അവനതിനുള്ള സമയമില്ല.
കളിപ്പാട്ടങ്ങളിൽ ഒരു പൊട്ടോ പൊടിയോ
മാറിയതിന് വഴക്കുണ്ടാക്കുന്നവർ,
പാവകൾ കിട്ടാത്തവരുടെ പ്രതിഷേധം,
എങ്ങനെ വീടിന് പുറത്തിറങ്ങും?
