ക്രിസ്റ്റൽ ബോൾ

Readers Ink

ക്രിസ്റ്റൽ ബോൾ


ഭൗതികമായ കെട്ടിടങ്ങളുടെ സമുച്ചയം. ഓരോ കെട്ടിടവും ഓരോ ഭൂഖണ്ഡങ്ങൾ. എന്നാൽ ഓരോരുത്തർക്കും അത് സ്വന്തം ഇടം പോലെയാണ്. പെരുകിയ കെട്ടിടങ്ങൾ, ഓരോ നിലയിലും ഓരോ ദേശങ്ങൾ. ചിൽച്ചുമരുകൾക്ക് പിറകിലായി വസിക്കുന്നവരുടെ സ്വപ്നങ്ങൾ, ഒരേ ഇടം, വേറിട്ട ഭാഷകൾ, എസിയുടെ മുരൾച്ചകൾ, ഗ്യാസ് ചൂളയിൽ വെന്ത് പടരുന്ന മണ-രുചിഭേദങ്ങൾ. കിടപ്പറയിലെ ചൂടൻനിശ്വാസങ്ങളിൽ കള്ളച്ചിരികൾ. തമ്പുരാനെ പോലെ എല്ലാം കണ്ടു നിൽക്കുന്ന ക്യാമറക്കണ്ണുകൾ. ദൈവ വചനത്തേക്കാൾ സിസി ടിവി നിരീക്ഷണ വചനത്തെ ഭയക്കുന്ന മനുഷ്യരുടെ കാലം.

കുട്ടികളുടെ കളി ചിരി ബഹളങ്ങൾ, അവധി ദിനത്തിൻ്റെ ആലസ്യത്തിൽ മയങ്ങുന്ന വാഹനങ്ങൾ, വിജനമായ പൊതുവീഥികൾ. ബിരിയാണി മണമുള്ള കെഫറ്റീരിയകളിൽ വറുത്തുകോരിയിട്ട സമൂസയും സ്വീറ്റ് ബോണ്ടയും സുഖിയനും പഴമ്പൊരിയും പൊള്ളിയടർന്ന് രുചിയിലലിഞ്ഞുചേരാൻ എണ്ണ തോരുന്നു. വിയർത്തൊലിച്ച് ബംഗ്ലാളികൾ പാക്കിസ്ഥാനികൾ വണ്ടികൾ കഴുകുന്നു.

ഇത്തരം എല്ലാ വിനിമയങ്ങളേയും മറികടന്ന് ടൈഗർ ബിൽഡിംഗിൻ്റെ പതിനാലാം നിലയിലെ ബാൽക്കണിയിൽ ചാരുകസേരയിൽ ഗോകുൽദാസ് ഇരുന്നു. അയാൾക്കു ചുറ്റുമുള്ള ചട്ടികളിൽ നിറയെ ഹരിതാഭ നിറച്ച് ചെടികൾ. തുളസിയും, മണി പ്ലാൻ്റും, കറ്റാർ വാഴയും, പുതിനയും, അഗ്ലോനെയും, കള്ളിച്ചെടിയും വളരുന്നു. ബാൽക്കണിയുടെ അഴികളിൽ കെട്ടിയിട്ട തുണികൾ ഉണക്കാനിടുന്ന ഡ്രൈയിംഗ് റാക്കിൽ വസ്ത്രങ്ങൾ കാറ്റിലാടുന്നു. അയാളുടെ അരികിൽ ടീപ്പോയിൽ ഫ്ലാസ്ക്, ഗ്ലാസ്, മിനറൽബോട്ടിൽ. ചെവിയിൽ തിരുകിയ ഹെഡ്സെറ്റിൽ മൊബെെൽ കാഴ്ചകളുടെ ശബ്ദവീചികൾ. ഒഴിവു സമയങ്ങളൊക്കെയും ഇൻസ്റ്റാഗ്രാം റീലുകളും കോമഡി ഷോകളും കണ്ടിരിക്കുക ഗോകുൽദാസിൻ്റെ വിനോദമാണ്. തെക്കു പടിഞ്ഞാറ് ചെരിഞ്ഞ് നിൽക്കുന്ന അയാളുടെ ബാൽക്കണിയിലേക്ക് സായന്തനത്തിൻ്റെ ശോഷിച്ച വെയിൽ ചീളുകൾക്ക് മാത്രമേ പ്രവേശനമുള്ളു. കൈവരികളിൽ വന്നിരിക്കാറുള്ള പ്രാവുകളും, ചെടികളിൽ വന്നിരിക്കുന്ന ചെറുപ്രാണികളും ഗോകുൽദാസും സുഖമായി വസിച്ചു പോരുന്ന ഇടമാണ് ആ ബാൽക്കണിത്തോട്ടം.


Related Articles