ചുരണ്ടിയെടുക്കുന്ന നിറങ്ങൾ 

Readers Ink

ചുരണ്ടിയെടുക്കുന്ന നിറങ്ങൾ 


വിള്ളലുകൾ നിറഞ്ഞ, 
ആണി തറച്ച പാടുകളുള്ള, 
ചുണ്ണാമ്പ് പൂശിയ 
ഒരു ചുവരിലായിരുന്നു
മറ്റാരും തൊട്ടിട്ടില്ലാത്ത 
നിറങ്ങളും വരകളും ചേർത്ത്, 
മറ്റാരിലും വിരിയാത്ത 
ഒരു ചിത്രമായി 
നീ എന്നെ വരച്ചെടുത്തത്.

നിറങ്ങൾ ഉണങ്ങും മുമ്പേ
വെള്ളമാംസം തെളിയും വരെ 
നഖങ്ങൾകൊണ്ട് നീ 
അതിനെ ചുരണ്ടിയെടുത്തു.

ഇപ്പോൾ ആ ചുവരിൽ 
നിറങ്ങൾക്ക് പകരം 
മുറിവുകളുടെ ഭൂപടങ്ങളാണ്,
ഉണങ്ങിയ രക്തത്തിന്റെ 
ഞരമ്പുകളാണ്.

ഓരോ വിള്ളലും
അതിക്രമത്തിന്റെ അടയാളമാണ്.
കാരണം
നിനക്ക് ഞാൻ 
ഒരു ചിത്രമേ ആയിരുന്നില്ല
ഇഷ്ടമുള്ളപ്പോൾ നിറം പൂശാനും 
മടുപ്പ് തോന്നുമ്പോൾ
ചുരണ്ടിമായ്ക്കാനും 
മാന്തിപ്പറിച്ചെറിയാനുമുള്ള 
ചുവർ മാത്രമായിരുന്നു.


Related Articles