ഓരോ മനുഷ്യ ജീവിതവും ഓരോ ചുടലപ്പറമ്പാണ്. മോഹങ്ങളെ വെണ്ണീറാക്കി മാറ്റിയ ചുടല പറമ്പുകൾ. ചില ചുടലകളുടെ കനൽ ഒരിക്കലും അണഞ്ഞിട്ടുണ്ടാവില്ല. മറ്റു ചിലതാവട്ടെ ചെറു ചാറ്റലിൽ തന്നെ തണുത്തുറയും. അതുമല്ലെങ്കിൽ പുറമേക്ക് എരിഞ്ഞടങ്ങിയിട്ടും ഉള്ളിൽ എരിഞ്ഞു കൊണ്ടേയിരിക്കും. ഇതിൽ ഏത് ചുടലയാണ് ചന്ദ്രയുടെ ജീവിതം? പുറമേക്ക് തണുത്തും ഉള്ളിലിന്നും എരിഞ്ഞു കൊണ്ടിരിക്കുന്ന ചുടലയാണൊ? അല്ലല്ലോ, അങ്ങനെയെങ്കിൽ അവൾ ഇടയ്ക്കിടെ അലറി കരഞ്ഞ് പടിപ്പുരയും കടന്ന് പൊക്കാളി പാടവും കടന്ന് നാണു മാഷിന്റെ കവുങ്ങിൻ തോപ്പും കടന്ന് അണിമത്തള്ളയുടെ ആളില്ലാത്ത ഇടിഞ്ഞുവീഴാറായ വീടിന്റെ വാതിൽക്കൽ ചെന്ന് തല തല്ലില്ലല്ലോ. അപ്പോ ചന്ദ്രയുടെ ഉള്ളിലെ ചുടലയിൽ ഇന്നും ഒരു ദേഹം എരിയുന്നുണ്ട്. എന്നാൽ ലക്ഷ്മിയേടത്തിയുടെ മടിയിൽ തല വെച്ചിരിക്കുമ്പോൾ ലക്ഷ്മി ചേച്ചിയുടെ വിരലുകൾ ചന്ദ്രയിൽ ഒരു ചാറ്റൽ മഴയായി പെയ്ത് അവളിലെ ചുടലയെ തണുപ്പിക്കാറുണ്ട്.
ആരാണ് ഈ ചന്ദ്ര... അത് ഞാനോ നിങ്ങളോ ആവാം, വഞ്ചിക്കപ്പെട്ട ഏതൊരുവളുമാവാം, മുറിവേൽക്കപ്പെട്ട ഏതൊരുവളുമാവാം, ഉണങ്ങാത്ത മുറിവിൻ്റെ വ്യണങ്ങൾ കൊണ്ട് നടക്കുന്ന ഏതൊരുവളുമാവാം. നിസ്സഹായതയുടെ നിഴലിനെ കാണിക്കുന്ന ഏതൊരു സ്ത്രീയിലും ചന്ദ്രയുടെ ഒരു അംശത്തെ കണ്ടെത്താനാവും.
വേനലവധിക്കാലത്തെ നാട്ടിലേക്കുള്ള യാത്രകൾ എന്നും ചന്ദ്രക്ക് പ്രിയപ്പെട്ടതായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ ഒറ്റയ്ക്കായിപ്പോയ ചന്ദ്രയ്ക്ക് നാട്ടിലേക്ക് കുതിക്കാൻ ഉത്സാഹമായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും കൂടാതെ, കളിക്കാൻ ഒരുപാട് കൂട്ടുകാരും.
