ചിത്രങ്ങൾ

Readers Ink

ചിത്രങ്ങൾ


മൂന്നാല് മാസം മുൻപാണ് പഴയ വീട് ഒന്ന് പുതുക്കി പണിഞ്ഞാലോ എന്നൊരു ആലോചന തോന്നിയത്. ഇന്നാണ് അതിന് അവസരം ഒത്തുവന്നത്. ഒന്നും നോക്കിയില്ല രാജൻ മേസ്തിരിയെ കൂട്ടി, പഴയ ഹോണ്ടാ ആക്റ്റീവയിൽ മുറ്റത്തു ചെന്നിറങ്ങി. മുറ്റത്തേക്ക് കയറാൻ രണ്ടു വഴിയുണ്ട്. ചെത്തി തേച്ച മതിലിൽ പടിക്കെട്ടുകളോട് കൂടിയ പടിപ്പുര. പഴയ തറവാടുകളുടെ മുന്നിലെ എടുപ്പ് കണ്ടു മോഹിച്ചു മുത്തശ്ശൻ രാവന്തി പട്ടിണി കിടന്നു പണിഞ്ഞതാണ് അത്. ആ എടുപ്പാണ് പ്രധാന വഴി. മക്കളുംകൊച്ചുമക്കളും ഒക്കെ ആയപ്പോ ആർക്കും പാലം കയറീം തോട് മുറിച്ചും ഒന്നും നടക്കാൻ വയ്യെന്ന് പറഞ്ഞു മുറ്റംവരെ വണ്ടി കയറാൻ പാകത്തിൽ അച്ഛൻ വെട്ടിയ വീതിയുള്ള വഴിയാണ് രണ്ടാമത്തെ. രണ്ടു തണ്ട് കറിവേപ്പിലക്കോ ഒരു മുറി തേങ്ങക്കൊ ഇടങ്ങഴി അരിക്കോ ദാസൻ പണിക്കന്റെ കെട്ടിയോൾക്ക് കടക്കാൻ വടക്കേ മുറ്റത്തേക്ക് ഒരു വഴി വേറെ. പടിപ്പുര ആരും ഉപയോഗിക്കാതായപ്പോ വാതിലിലെ വിജഗിരി ഒക്കെ തുരുമ്പിച്ചു അവിടവിടെ വിള്ളല് വീണു. ഇരുവശത്തും നിന്നിരുന്ന കൊങ്ങിണി ചെടിയും മന്ദാരവും പടർന്ന് ഒരു മരതക പന്തൽ തീർത്തിട്ടുണ്ട്. ആ തണലിനടിയിൽ പടിപ്പുര ഭിത്തിയും കടന്ന് പന്നിയെലിക്ക് കടക്കാൻ ഒരു വാരവും ഉണ്ട്. വഴിക്ക് ഇരുവശത്തും കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ കുടിയേറ്റം തന്നെ.

മേസ്തിരി നീളൻ വരയുള്ള കൈലിമുണ്ടിന്റെ കോന്തലയിൽ പൊതിഞ്ഞു വച്ചിരുന്ന മുറുക്കാൻ പൊതിയെടുത്തു. കറപിടിച്ച പല്ലിന്റെ അറ്റത്തു ചുണ്ണാമ്പ് തേച്ചു... മുരടനക്കി പുകല കൂട്ടി ഒന്ന് ചവച്ചു. തൊണ്ടയിൽ ചാറ് ചിനച്ചിട്ട് ഒന്ന് ചുമച്ചു തുപ്പി. ഞാൻ നോക്കിയത് തിണ്ണയിലേക്കാണ്.

തിണ്ണയിലേക്ക് കയറാൻ മൂന്ന് പടി ഉണ്ട്. ആ പടിയിൽ തട്ടി കാലിന്റെ കുഞ്ഞു വിരൽ മുറിഞ്ഞപ്പോ ദേഷ്യം തീർക്കാൻ അടുത്തു കണ്ട കല്ലെടുത്ത് ആഞ്ഞാഞ്ഞ് ഇടിച്ചു. പടിയുടെ വശം പൊട്ടി. അന്ന് രാത്രി അച്ഛന്റെ വക പ്രത്യേക പാരിതോഷികം കിട്ടി. കാലിനേക്കാൾ വേദന മനസ്സിനായിരുന്നു. പിറ്റേന്നും അതിന്റെ പിറ്റേന്നും അച്ഛനോട് മിണ്ടിയില്ല. അന്ന് രാത്രി അച്ഛൻ വന്നപ്പോ കരുണൻ ചേട്ടന്റെ കടയിൽ നിന്ന് മൊരിഞ്ഞ നെയ്യപ്പം കൊണ്ട് വന്നു. മനസ്സുവേദന പിന്നെ വന്നിട്ടേയില്ല. അന്നത്തെ ആ പാട് ഇപ്പോഴും ആ പടിക്കെട്ടിൽ മായാതെ കിടക്കുന്നു. സന്ധ്യാ ദീപം വച്ചിട്ട് അമ്മയുടെ മടിയിൽ ഇരുന്നു പ്രാർഥിക്കുമ്പോൾ കയ്യിൽ ഒരു പൊതിയുമായുള്ള അച്ഛന്റെ വരവാണ് ഉള്ളിൽ കടന്നു വന്നത്. നിറഞ്ഞ കണ്ണുകൾ മേസ്തിരി കാണാതെ തുടച്ചു.


Related Articles