അവർ
മൂന്നു ചിത്രകാരന്മാർ
നഗരത്തെ വരയ്ക്കാനായി
ഇറങ്ങിപ്പുറപ്പെടുന്നു.
ഒന്നാമൻ
ഒരു ചില്ലുവാതിലിന്റെ അപ്പുറം
യുദ്ധത്തടവുകാരുടെ നഗരം കാണുന്നു.
നരകം പോലെ
ചൂടുപിടിച്ച പ്രദേശം
അണയാത്ത തീനാളങ്ങൾ
ചിതറിത്തെറിച്ച ശരീരാവയവങ്ങൾ
കബന്ധങ്ങൾ
തക്കംപാർത്തിരിക്കുന്ന കഴുകന്മാർ
പച്ചമണ്ണിന്റെ
നനവ് മാറാത്ത
കുഴിമാടങ്ങൾ.
ഭക്ഷണവുമായി
ഒരു ട്രക്ക് വന്നു കയറുന്നു.
അതിനുചുറ്റും
യുദ്ധത്തേക്കാൾ ഭീകരമായ അടിപിടികൾ
ബഹളങ്ങൾ
ഭക്ഷണം കിട്ടാത്ത പാത്രങ്ങൾ.
നിലത്തുവീണ ഭക്ഷണാവശിഷ്ടങ്ങൾ
തന്റെ പാത്രത്തിൽ
പെറുക്കിയെടുക്കാൻ
ശ്രമിക്കുന്ന ഒരു കുട്ടി
വിശപ്പ്.
വിശപ്പിനെ മാത്രം
വരയ്ക്കാനാവാതെ
ചിത്രം മടക്കിവയ്ക്കുന്നൂ
ഒന്നാമൻ.
