ചിതയെടുത്ത സമയം 

Readers Ink

ചിതയെടുത്ത സമയം 


രണ്ട് ദിവസങ്ങൾക്കു മുൻപ് തന്നെ ദഹിപ്പിച്ച ശ്മശാനത്തിൽ കുത്തിയിരിപ്പാണ് രാമനുണ്ണി ചാക്യാർ. താനേറെ സ്നേഹിച്ചിരുന്ന സ്വർണവാച്ച് തന്നെ കാരണം. വളരെ പണ്ട് എന്നുവച്ചാൽ കൂത്തിന് കൂത്താട്ടത്തേക്കാൾ പ്രാധാന്യമുള്ള കാലത്ത് രാമനുണ്ണി ന്യൂയോർക്കിൽ ഒരു കൂത്ത് അവതരിപ്പിക്കാൻ പോയ അവസരത്തിൽ, ഒരു കിളവൻ സായിവ് സമ്മാനിച്ച സ്വർണ്ണ നിറമുള്ള റോളക്സ് വാച്ച്. രാമനുണ്ണിയുടെ കൂത്തിന്റെ പ്രൗഡിയും കലയോടുള്ള അമിത ആസക്തി പ്രകടമായിരുന്ന ആഖ്യാനശൈലിയും സായിവിനെ ഏറെ ആകർഷിച്ചിരുന്നു. അതിന് പ്രതീകം എന്നോണം കൂത്ത് അവസാനിച്ചതും തന്റെ കാരണവന്മാരായി ഉപയോഗിച്ച് പോന്നിരുന്നതും വിലമതിക്കാനാകാത്തതുമായ സ്വന്തം സ്വർണ്ണവാച്ചാണ് രാമനുണ്ണി ചാക്യാർ എന്ന മഹാരഥന് സമ്മാനിച്ചത്. അത്രയേറെ ചരിത്ര പ്രാധാന്യമുള്ള തന്റെ പ്രിയ സഹചാരിയാണ് ഇപ്പോൾ രാമനുണ്ണിയെ വിഷാദനാക്കിയിരിക്കുന്നത്. 

മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ഇതേ ശ്മശാനത്തിൽ വെച്ച് വികാരാധീതനായി തന്റെ ഇളയ മകൻ താൻ ഇട്ടൊഴിഞ്ഞ് പോന്ന ദേഹത്തിലെ വലതു കൈ ( സായിവ് തന്ന അമൂല്യ വസ്തു നാലാള് ശ്രദ്ധിക്കാൻ പണ്ടുമുതൽക്കേ നാട്ടുനടപ്പിന് വിപരീതമായി വലംകൈയിൽ ആയിരുന്നു രാമനുണ്ണി ധരിക്കാറുള്ളത്) ഉയർത്തി അഭിമാനത്തോടെ നാലുപുറം നോക്കി പ്രൗഢിയോടെ അതേ സ്വർണ്ണ വാച്ച് അണിയിക്കുന്നത് ഇതേ ഇടത്തിലിരുന്ന് രോമാഞ്ചത്തോടെ രാമനുണ്ണി കണ്ടതാണ്. പക്ഷേ ഉപേക്ഷിച്ച ശരീരം കത്തി തീരുന്നതും കുത്തിയിരുന്ന് നോക്കിയിട്ടും ഏതോ ദുശ്ശകുനം പിടിച്ച സമയത്തെ അശ്രദ്ധ കാരണം കോലിട്ടിളക്കിയും ചാരത്തിലൂതിയും നോക്കിയിട്ടും തന്റെ പ്രിയ സ്നേഹിതനെ കാണാനില്ല. 

സ്വയം ജ്വലിക്കുന്നതും കണ്ട്, പറയാനറിയാത്ത വികാരങ്ങളോ വിരസതയോ കത്തിക്കയറിയ നേരത്തായിരുന്നു കാക്ക കരച്ചിൽ ഒഴുകിയെത്തിയത്. മുഴുത്ത ഒരു ബലിക്കാക്ക എവിടെയോ കണ്ട ഏതോ നരകത്തെ ഓർമിപ്പിച്ചു, അതായിരുന്നു കഴിഞ്ഞകൊല്ലം മരിച്ച സുഹൃത്ത് സോമശേഖരൻ്റെ ആഗമനം. കവാടം കടന്നു വരാൻ അനുമതിയില്ലാതെ പുറത്തു നിന്നിരുന്ന സാഹിത്യ സിംഹം സോമശേഖരനെ കണ്ടതും ഓടിപ്പോയി പറഞ്ഞ കുശലത്തിന്റെ നേരം വളരെ കൂടുതലായിപ്പോയിരുന്നു എന്ന് രാമനുണ്ണി ഇപ്പോൾ മനസ്സിലാക്കുന്നു. ആ നശിച്ച നേരത്ത് എപ്പോഴോ എന്തോ സംഭവിച്ചിരിക്കുന്നു. 


Related Articles