“രാത്രി തങ്ങാൻ ഭേദപ്പെട്ട ഒരിടം അന്വേഷിക്കാം, ക്ഷീണിച്ചില്ലേ?”
അടുത്തൊന്നും ഹോട്ടലുള്ളതിൻ്റെ ലക്ഷണമില്ല. ഏറിയാൽ, കേറിക്കിടന്നുറങ്ങാൻ വല്ല ലോഡ്ജും തരപ്പെടും. അതും കിട്ടാൻ പാടാണ്. എവിടെയെങ്കിലും ഒന്നു കിടക്കണം. ഉറങ്ങണം. എനിക്കത്രേ ഉള്ളൂ. എൻ്റെ ആശ അവളുടെ നിറമിഴികളിൽ അസ്തമിച്ചു. ഞാനതു മനസ്സിലാക്കണമായിരുന്നു. അവൾ പിന്തിരിയില്ല. ഗ്രാമത്തിന് ഇത്രേം അടുത്തെത്തിയിട്ട്. അവളും അമ്മയും കണ്ടിട്ട് ഏഴുവർഷമായി. രോഗിയായ അമ്മയെ കാണാൻ നാളത്തെ സൂര്യോദയംവരെ കാത്തിരിക്കാനൊന്നും അവൾക്കു ക്ഷമയില്ല. കുറ്റബോധം എന്നെ പൊതിഞ്ഞു. ഒരു കണക്കിന് ഇതിനു ഞാനും കാരണക്കാരനാണല്ലോ. ഞങ്ങളുടെ പ്രണയത്തെത്തുടർന്ന് അവളുടെ മാതാപിതാക്കളുടെ അനുഗ്രഹമില്ലാത്ത കല്യാണമാണ് ഇതിനൊക്കെ കാരണം.
നല്ല ക്ഷീണവും വിശപ്പുമുണ്ട്. ഇന്നത്തെ ദിവസം! ഉറക്കം കളഞ്ഞു ചെന്നപ്പോൾ അവളുടെ ഗ്രാമത്തിലേക്കു നേരിട്ടുപോകുന്ന അഞ്ചുമണിയുടെ ബസ് ക്യാൻസൽ! സംസ്ഥാനഗതാഗതവകുപ്പു തൊഴിലാളിയൂണിയൻ്റെ മിന്നൽപണിമുടക്ക്! പോരേ?
