വഴിയോരങ്ങളെ സ്വര്‍ണ്ണക്കൊലുസണിയിക്കുന്ന മുക്കുറ്റിപൂക്കള്‍. ഇളം റോസ് നിറത്തിലുള്ള നനുത്ത തൊട്ടാവാടി പൂക്കളില്‍ കുഞ്ഞുകുഞ്ഞു വെള്ളത്തുള്ളികള്‍. തലേന്ന് രാത്രി പെയ്തമഴയുടെ ഓര്‍മ്മയായി വഴിയരികിലെ ചെറിയ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടന്നു. പ്ലാവും മാവും ആലും ഇരുട്ടുവീഴ്ത്തുന്ന മനോഹരമായ ക്ഷേത്രനടയിലേക്കാണ് ഗായത്രി എത്തിചേര്‍ന്നത്. അമ്പലമുറ്റത്ത് ആല്‍മരം സാധാരണ കാണാറുണ്ടെങ്കിലും ഇങ്ങനെയൊരു സംഗമം ഇതുവരെ കണ്ടിട്ടില്ലായിരുന്നു.
ഇന്നലെ അച്ഛമ്മയുടെ പതിനാറടിയന്തരമായിരുന്നു. തറവാട്ടിലെത്തിയവരൊക്കെ ഇന്നലെത്തന്നെ പിരിഞ്ഞുപോയി തുടങ്ങിയിരുന്നു. നാളെ രാവിലെയുള്ള മുംബൈ ഫ്ലൈറ്റില്‍ ഗായത്രിയും അച്ഛനും അമ്മയും തിരിച്ചുപോകും. അതിന് മുമ്പേ വെറുതെ അച്ഛമ്മ നടന്ന വഴികളിലൂടെ അച്ഛമ്മ ചവിട്ടിയ മണ്ണില്‍ ചവിട്ടി, അച്ഛമ്മ ശ്വസിച്ച വായു ശ്വസിച്ച് അങ്ങനെ നടക്കണമെന്ന് തോന്നി.
എണ്‍പത്തിയൊമ്പതാം വയസ്സിലും സുന്ദരിയായിരുന്ന ചെമ്പരത്തിയമ്മയെ അറിയാത്തവരായി നാട്ടില്‍ ആരുമില്ല. നാട്ടിന്‍പുറത്ത്കാരിയായ ഒരു സാധാരണ സ്ത്രീയില്‍ നിന്നും ചെമ്പരത്തിയമ്മ പതിനാറു ദിവസം മുമ്പ് വരെ വേറിട്ടുനിന്നു. ഈശ്വരഭക്തയല്ലാതിരുന്നിട്ടും ആവര്‍ എല്ലാ ദിവസവും രാവിലെ കുളിച്ച് സെറ്റുമുണ്ടുടുത്ത് തലമുടിയിലൊരു ചുവന്ന ചെമ്പരത്തിപൂവെച്ച് ക്ഷേത്രത്തിലെത്തും
