കീഴ്ക്കാം തൂക്കായിട്ടാണ് ആ റബ്ബർ എസ്റ്റേറ്റ് കിടന്നിരുന്നത്. കുത്തനെയുള്ള കയറ്റത്തിൽ അവർ ശ്വാസം കിട്ടാതെ നിന്ന് കിതച്ചു. മഴമേഘം തിങ്ങിക്കൂടി അങ്ങുമിങ്ങുമായി നിൽപ്പുണ്ടായിരുന്നു. ഇരുട്ടു പിടിച്ച ആകാശത്തിൽ നിന്നും വെളിച്ച ചീളുകൾ അങ്ങിങ്ങായി മാത്രം പ്രത്യക്ഷപ്പെട്ടു. മഴയ്ക്ക് മുന്നോടിയായുള്ള കാറ്റിൽ റബ്ബർ മരങ്ങൾ ഇളകിയാടി. കറുത്ത ലിനൻ സാരിയിലെ ചുവന്ന നർത്തകിമാർ അവരുടെ ദേഹത്തോട് കൂടുതൽ ഒട്ടാൻ ശ്രമിച്ചു. ഷാംപൂ തേച്ച നീളൻ തലമുടികൾ അവരുടെ വെളുത്ത നെറ്റിയിൽ വീണു പറക്കാൻ തുടങ്ങി. അവരെ കണ്ടാൽ ഒരു മുപ്പത്തിയഞ്ചു വയസ്സിലധികം പ്രായം പറയില്ല. കഴിഞ്ഞ വട്ടം കാറിൽ കയറ്റം കയറിയപ്പോൾ അവരുടെ അടിവയറ്റിൽ നിന്നും ഉരുണ്ടുകയറി. കയറ്റത്തിൻ്റെ നടുക്ക് ഡ്രൈവർ ബ്രേക്ക് ചവിട്ടി നിർത്തിയപ്പോൾ അവർക്കു തലകറക്കമായി, ചർദ്ധിക്കാൻ നേരം വെള്ളത്തിൻ്റെ കുപ്പി അടപ്പു തുറന്നു കൊടുത്തപ്പോൾ ഡ്രൈവറുടെ പെരുമാറ്റം അത്ര നന്നായിരുന്നില്ല. അയാളുടെ ഷർട്ടിൽ നിന്നും വിയർപ്പു ഗന്ധം രൂക്ഷമമായി മൂക്കിലേക്ക് കുത്തിക്കയറി. വെള്ളം കൊടുത്ത നേരം അയാളുടെ കൈ അവരുടെ കൈയ്യിൽ ഉരസ്സുകയും ചെയ്തു. വിയർത്തൊട്ടിയ കൈ അവരുടെ ദേഹത്ത് സ്പർശിച്ചപ്പോൾ അവർക്കു ഏതോ മാറാരോഗം വന്നതുപോലെ അനുഭവപ്പെട്ടു. എണ്ണയിൽ കുളിച്ചു പിറകിലോട്ടു ചീകിവെച്ചിരിക്കുന്ന അവൻ്റെ തലമുടിയും, മെലിഞ്ഞൊട്ടിയെ ശരീരവും, കണങ്കാല് വരെയുള്ള പാൻ്റും, റബ്ബർ ചെരുപ്പും. അവനെ കൂടുതൽ നിരീക്ഷിച്ചപ്പോൾ അവർക്കു അറപ്പു തോന്നി.
അവർക്കു അവരുടെ അമ്മായിയുടെ വീട്ടിൽ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. അവരുടെ ചരൽ വിരിച്ച വലിയ മുറ്റമുള്ള കൊട്ടാരം പോലെയുള്ള വീട്ടിൽ രാജ്ഞിയെപ്പോലെയിരുന്നാൽ മതി. ആ കൂറ്റൻ രണ്ടു നില വീട് പഴയ ഏതോ കൊട്ടാരത്തിന്റെ പ്രൗഢിയോട് കൂടെയാണ് നിന്നിരുന്നത്. അവിടെ മൂന്ന് വേലക്കാരാണുള്ളത്. പക്ഷെ ഭർത്താവിൻ്റെയും, മകൻ്റെയും മരണത്തിനു ശേഷം അവർക്കു ഒറ്റയ്ക്കിരിക്കാൻ ഭയമാണ്. തനിച്ചാകുമ്പോൾ നിഴലുകൾ വിഴുങ്ങാൻ വരുന്നത് പോലെയവർക്ക് തോന്നുമായിരുന്നു. മകൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കാണുമ്പോൾ അവരുടെ ഉള്ളിൽ കുഴിച്ചിടാൻ ശ്രമിക്കുന്ന ദുഃഖം വീണ്ടും തലപൊക്കും. അവർ അവൻ്റെ മുറി ഒരു ഭ്രാന്തിയെപ്പോലെ മണിക്കൂറുകൾ തൂത്തും, തുടച്ചും അതിനകത്തു തന്നെയിരുന്നു. ഏതു നിറമാണ് അവനു ഏറ്റവും ഇഷ്ടമെന്ന് അവർക്കു എത്ര ഓർത്തിട്ടും ഓർത്തെടുക്കാൻ സാധിച്ചില്ല. അതിനാൽ ആ മുറിക്കു അവർ എല്ലാ മാസവും ഓരോ പുതിയ നിറം കൊടുത്തു കൊണ്ടിരുന്നു. പല രാത്രികളും ഉറക്കം കിട്ടാതെ അവർ ആൻ്റി ഡിപ്രെസ്സൻ്റ് ഗുളികകൾ എടുക്കാൻ തുടങ്ങി. ചില ദിവസങ്ങൾ വെറുതെ റേഡിയോയിലെ പാട്ടും കേട്ട് മുറ്റത്തോട്ടും നോക്കി അവർ നേരം പോകുന്നതറിയാതെ ഒരു പ്രതിമയെപ്പോലെ ഇരിക്കുമായിരുന്നു. കണ്ണീരും, നിരാശയും അവരുടെ ചുറ്റും ഒരദൃശ്യ വേലി തീര്ക്കാനാരംഭിച്ചു കഴിഞ്ഞിരുന്നു.
