“പുലികേശിയുടെ മഹാനഗരത്തിലെ കോട്ടകൊത്തളങ്ങളും മണിമാളികകളും പല്ലവകോപത്തിന്റെ ഘോരാഗ്നിയിൽ വെന്തുവെണ്ണീറായിത്തീരും. വാതാപിനഗരം ഒരു ചുടുകാടായി മാറും. അതു കാണാൻ ഈ ശിവകാമിയിറങ്ങും... ശത്രുനാശം കണ്ടു കൺനിറഞ്ഞതിനു ശേഷമേ ശിവകാമി ഈ നഗരം വിട്ടു പോകൂ. അതും...ശത്രുസംഹാരം പൂർത്തിയാക്കി വിജയതിലകം ചാർത്തി വരുന്ന മാമല്ല നരസിംഹന്റെ കരം പിടിച്ച്...പ്രതികാരത്തിന്റെ അവസാനത്തെ ചിരിയും ആസ്വദിച്ചനുഭവിച്ച് ശിവകാമി കാഞ്ചിയിലേക്കു മടങ്ങും. അതുവരെ, ഞാനിവിടെയുണ്ടാകും. ഈ അസുരനഗരത്തിൽ എല്ലാ വേദനകളും ഉള്ളിലടക്കി ആ ദിവസത്തിനായി, ഞാൻ കാത്തു കാത്തിരിക്കും.”
തമിഴ് ഭാഷയിലെ എക്കാലത്തെയും വലിയ ജനകീയ എഴുത്തുകാരനായി അറിയപ്പെടുന്ന, ചരിത്രത്തെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ആകാംഷയും പ്രണയവും നിറഞ്ഞ കഥകളാക്കി മാറ്റി തമിഴ് സാഹിത്യലോകത്തെ ഏറ്റവും സ്വാധീനിച്ച ഇതിഹാസ സമാനനായ എഴുത്തുകാരനാണ് കൽക്കി കൃഷ്ണമൂർത്തി. അദ്ദേഹം തമിഴിൽ രചിച്ച ഏറ്റവും പ്രശസ്തമായ ചരിത്ര നോവലുകളിൽ ഒന്നാണ് ‘ശിവകാമിയിൻ ശപഥം’. ഏഴാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യൻ ചരിത്ര പശ്ചാത്തലത്തിൽ, പല്ലവ-ചാലൂക്യ സാമ്രാജ്യങ്ങൾ തമ്മിലുണ്ടായ യുദ്ധങ്ങളും പ്രണയവും പ്രതികാരവും ഇതിവൃത്തമാക്കി രചിച്ച ഈ തമിഴ് നോവലിനെ തമിഴ്-മലയാളം എന്നീ ഇരുഭാഷകളിലുമായി നിരവധി കവിതകളും ചരിത്രഗ്രന്ഥങ്ങളും നോവലുകളും രചിച്ചിട്ടുള്ള എഴുത്തുകാരനും കവിയുമായ ബാബുരാജ് കളമ്പൂർ ‘ശിവകാമിയുടെ ശപഥം’ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു.
ആയിരത്തിലധികം പേജുകളുള്ള ഈ ബൃഹദ്ഗ്രന്ഥം ഡി സി ബുക്സ് രണ്ടു വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പല്ലവ രാജാവായിരുന്ന പല്ലവ മഹേന്ദ്രവർമ്മന്റെയും അദ്ദേഹത്തിന്റെ മകനായ പല്ലവ നരസിംഹവർമ്മന്റെയും (മാമല്ലൻ) കാലഘട്ടമാണ് നോവലിന് ആധാരം. പല്ലവരുടെ തലസ്ഥാനമായ കാഞ്ചിയും ചാലൂക്യരുടെ തലസ്ഥാനമായ വാതാപിയും തമ്മിലുള്ള കടുത്ത ശത്രുതയും യുദ്ധങ്ങളുമാണ് കഥയുടെ പ്രധാന പശ്ചാത്തലം. ചാലൂക്യ രാജാവായ പുലകേശി രണ്ടാമൻ കാഞ്ചി നഗരത്തെ ആക്രമിക്കുന്നതും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നോവലിൽ വിവരിക്കുന്നത്. നോവലിലെ കേന്ദ്ര കഥാപാത്രവും കാഞ്ചിയിലെ പ്രശസ്ത ശില്പിയുമായ ആയനരുടെ മകളും അതീവ സുന്ദരിയായ ഭരതനാട്യ നർത്തകിയുമായ ശിവകാമിയും, പല്ലവ സാമ്രാജ്യത്തിലെ യുവരാജാവായ മാമല്ലൻ എന്നറിയപ്പെടുന്ന പല്ലവ നരസിംഹവർമ്മനും തമ്മിലുള്ള പ്രണയത്തെ, ചരിത്രപരമായ വസ്തുതകളെ ഒട്ടും ചോർന്നുപോകാതെ നാലു ഭാഗങ്ങളായി ചാലിച്ചെഴുതി അവതരിപ്പിക്കുകയാണ് കഥാകാരൻ ഈ കൃതിയിൽ.
