ഭൂതകാലം ഒറ്റയടിക്ക് മാഞ്ഞുപോകില്ല

Readers Ink

ഭൂതകാലം ഒറ്റയടിക്ക് മാഞ്ഞുപോകില്ല


അടുത്ത കാലത്തൊന്നും ഇത്രയും തീവ്രമായൊരു വായനാനുഭവം ഉണ്ടായിട്ടില്ല. തിരക്കുകൾക്കിടയിലും വായനയുടെ ആവേശത്തിൽ മുങ്ങിക്കിടക്കാൻ പോകുന്നിടത്തേക്കൊക്കെ ഈ പുസ്തകത്തെ കൊണ്ടുപോയി. വഴിവായനയിൽ, മറ്റൊരാൾ അനുഭവിച്ച വേദനകളും, താണ്ടിയ ദുരിതകാലവും കണ്ടുനിന്നു, അനുഭവിച്ചുതീർത്തു.

ബസ്സിൽ സീറ്റുകിട്ടാതെ കല്ലാച്ചിയിൽനിന്നും വളയത്തെ കാലിക്കൊളുമ്പിലേക്ക് പോകുമ്പോൾ അപരിചിതമായ സ്ഥലത്തിറങ്ങി തിരിച്ചുനടക്കേണ്ടി വന്നിട്ടുണ്ട്. അപ്പോൾ ഇത്ര ഗൂഢമായി എന്തു വായിക്കുന്നു എന്ന് ബസ്സിലുള്ളവർ ധരിച്ചിരുന്നതായി എനിക്ക് മനസ്സിലായിരുന്നു. ബാട്ടിക്കളോവയിലെ 'ജീവലത' എന്ന സഹോദരി ആദ്യ ദിവസവും തുടർന്ന് സിന്ധുതടത്തിൽനിന്നോ സരൂബിയിൽനിന്നോ ചിറ്റഗോങ്ങിൽനിന്നോ ദുരിതപർവ്വം കയറിയ സഹോദരിമാർ പിന്നീടും ക്ഷീണിച്ച മനസ്സും ശരീരവുമായി എന്റെ മുന്നിൽ വന്നുനിന്നപോലെ ഒരു തോന്നൽ. സൈറ, പർവീൺ, സൈറയുടെ ഉമ്മ, നസീറുൾ ഇസ്ലാമിന്റെ കുഞ്ഞുമക്കൾ, സിന്ധിലെ ജന്മിമാരും സർദാറുമാരും ബലാൽസംഗം ചെയ്ത് തുലച്ചുകളഞ്ഞ മറ്റനേകം ജീവിതങ്ങൾ, അഥവാ ശ്വാസംനിലച്ച അനേകം പെണ്ണുടലുകൾ! ഹൃദയമിടിപ്പും കണ്ണീരുമായി ഒരാഴ്ച നീണ്ടുപോയി ആ വായന. പുസ്തകം മടക്കിവെച്ചിട്ടും, ഇതാ ഈ നിമിഷംവരെയും ആ സങ്കടക്കടലിൽനിന്ന് എനിക്ക് കരകയറാവുന്നില്ല.

ഇതൊരു സ്ത്രീപക്ഷ രചനയാണെന്ന് ആരെങ്കിലും വാദിച്ചേക്കാം. എന്നാൽ അധികാരത്തിനായി ചരിത്രത്തിലിന്നോളം നടന്നിട്ടുള്ള അടിച്ചമർത്തലിൽ സ്ത്രീകളും കുഞ്ഞുങ്ങളും നേരിട്ട കൊടുംവേദനകളുടെയും അനാഥത്വത്തിന്റെയും കണ്ണീരിന്റെയും ലൈംഗികചൂഷണത്തിന്റെയും കിരാതമായ അടിച്ചമർത്തലിന്റെയും വാഗ്മയരൂപമാണ് 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ.' 


Related Articles