ഞാനിപ്പോള്‍ മെഡിക്കല്‍ കോളേജിലോട്ട് വണ്ടിയോടിക്കുകയാണ്. ബൈക്കിന് പിന്നില്‍ 'പട്ടചന്ദ്രന്‍' എന്ന് വിളിക്കുന്ന ചന്ദ്രേട്ടന്‍ ഉണ്ട്. ഇന്നലെ രാത്രി ഏറെ വൈകി അതായത് പത്തര - പതിനൊന്ന് മണിക്കാണ് ചന്ദ്രേട്ടന്റെ വിളി വരുന്നത്. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ യാത്രയും.
അവറാന്‍ മോലാളിയുടെ ചേര്‍ത്തലയിലെ ചെമ്മീന്‍ കെട്ടിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കിനടത്തി വരുമ്പോഴാണ് ഇങ്ങോട്ടേക്കുള്ള എന്റെ ജോലി മാറ്റം. മാതേകാട്ടുള്ള പുള്ളിയുടെ റിസോര്‍ട്ട് സെറ്റപ്പിന്റെ നോട്ടക്കാരനായി പോകണമെന്ന് പറഞ്ഞപ്പോള്‍ മടിച്ചു നിന്ന എന്നിലേക്ക് മോലാളി പ്രലോഭനത്തിന്റെ ചൂണ്ടയെറിഞ്ഞു. സകലചെലവും കഴിഞ്ഞ് മാസശമ്പളത്തില്‍ രണ്ടായിരം അധികം തരാമെന്നും, കൂടാതെ അവിടെ വരുന്ന ഗസ്റ്റുകളില്‍ നിന്ന് ആവോളം ടിപ്പും, കുടിക്കാന്‍ കള്ളും കിട്ടുമെന്ന മോലാളിയുടെ ചൂണ്ടയില്‍ ഞാന്‍ കൊത്തി. അടുത്ത ദിവസം ചേര്‍ത്തലയില്‍ നിന്ന് ഹരിപ്പാടിനടുത്തുള്ള മാതേകാട്ടേക്ക് ഞാന്‍ തിരിച്ചു.
മാതേകാട്ടെത്തി ആഴ്ച ഒന്ന് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ഈ സെറ്റപ്പ് അങ്ങ് സുഖിച്ചു. കായംകുളം കായലിന് അരികിലായുള്ള ഒരേക്കറിന് മോളില്‍ വരുന്ന തുരുത്തില്‍ ഒരു ചെറിയ റിസോര്‍ട്ട് സംവിധാനം. ഇടയ്ക്കിടെ അതിഥികളായി വന്നു പോകുന്ന സ്വദേശികളും, വിദേശികളും. അവരുടെ സന്തോഷമാണ് എനിക്ക് മുഖ്യം. അവര്‍ സന്തോഷിച്ചാല്‍ നമ്മുടെ വട്ടച്ചിലവ് നടന്ന് പോകും. പണികള്‍ ചെയ്യാന്‍ ബംഗാളികളും, നേപ്പാളികളുമായി ആറേഴ് പേരുണ്ട്. മൊത്തത്തിലുള്ള മേല്‍നോട്ടം മാത്രമാണ് എന്റെ ജോലി. ആയതിനാല്‍ ഇഷ്ടംപോലെ സമയം മിച്ചം. പൊന്നച്ചന്റെ ചായക്കടയിലും, കിഷോറിന്റെ മുടിവെട്ട് കടയിലുമൊക്കെ ഞാന്‍ സാനിധ്യമറിയിച്ചു തുടങ്ങി. നാട്ടുകാരില്‍ പലരുമായി അടുത്തു. അങ്ങനെ കൂടുതല്‍ അടുത്തത് ഈ ചന്ദ്രേട്ടനുമായിട്ടായിരുന്നു.
