അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. അന്നും ഒരു വെള്ളിയാഴ്ച്ചയായിരുന്നു എന്നുപറയുന്നതാകും കൂടുതൽ ശരി. കാരണം, ജീവിതത്തിൽ നടന്നിട്ടുള്ള പല നഷ്ടങ്ങളും വെള്ളിയാഴ്ച്ചകളിലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച്ചകൾ എനിക്കത്ര സുഖകരമായിരുന്നില്ല.
ബൽദേവിനെ പോലീസ് പിടിച്ചുകൊണ്ടുപോയത് ഒരു വെള്ളിയാഴ്ച്ചയായിരുന്നു. ബൽദേവെന്റെ ജ്യേഷ്ഠനാണ്. ഒരു പാവം പിടിച്ചവൻ. പക്ഷേ ബോലാറാമിന്റെ മകനായിപ്പോയി. ബോലാറാം ചമ്പലിലെ കൊള്ളക്കാരുടെ കൂട്ടത്തിലെ ഒരാളായിരുന്നു എന്നുതന്നെയാണ് പോലീസും സർക്കാരും വിശ്വസിക്കുന്നത്.
ബൽദേവിനെപ്പോലെയായിരുന്നില്ല അച്ഛൻ. പോലീസിനെയും കൊള്ളക്കാരെയും ഒരുപോലെ അച്ഛനു നേരിടേണ്ടിവന്നിട്ടുണ്ട്. ബോലാറാം വളരെ സത്യമുള്ളവനായിരുന്നു എന്ന് ഗ്രാമവാസികളെല്ലാവരും പറയുമായിരുന്നു. പോലീസ്സാണോ കൊള്ളക്കാരാണോ അച്ഛനെ വെടിവെച്ചതെന്നറിയില്ല. അതുമൊരു വെള്ളിയാഴ്ചയായിരുന്നു.
രണ്ടുദിവസം ചമ്പൽക്കാട്ടിൽ കിടന്നഴുകിയിട്ടാണ് അച്ഛന്റെ ജഡം ബൽദേവ് കണ്ടെത്തിയത്. അന്നുമുതൽ അവന് എല്ലാവരെയും ഭയമാണ്. പോലീസിനെയും കൊള്ളക്കാരെയും പേടി, പകലിനേയും രാത്രിയേയും അവനൊരുപോലെ പേടിച്ചു. ഒടുവിലതു സംഭവിച്ചു. ബോലാറാമിന്റെ മകനെന്ന ഒറ്റ കാരണത്താൽ പോലീസ് അവനെക്കൊണ്ടുപോയി.
