ഇടിച്ചുകുത്തി പെയ്യുന്ന മഴ. ഉത്സവപിറ്റേന്നത്തെ പറമ്പ് കണക്കെ വൃത്തിഹീനവും ശൂന്യവുമായ പൊതുവിടങ്ങൾ. തളംകെട്ടിക്കിടന്ന ചെളിവെള്ളം പുതിയ കൈവഴികൾ തേടിയലഞ്ഞ് തുടങ്ങി. ബസിറങ്ങി കുട ചൂടിപിടിച്ച് രണ്ട് യുവതികൾ പറഞ്ഞുറപ്പിച്ച പ്രകാരം ഒരു കൂടിക്കാഴ്ച്ചക്ക് തയ്യാറായി നടന്നു. ഇടുങ്ങിയ വട്ടകുടയ്ക്കുള്ളിൽ പരസ്പരം തോളുകൾ തമ്മിൽ ഉരസിചേർത്ത് നടക്കുമ്പോഴും താര തന്നെ നയിക്കുകയാണെന്ന് അന്ധയായ മറിയത്തിന് തോന്നി. കവലയിലെ പ്രധാന പള്ളിക്കൂടത്തിന് എതിർവശത്തുള്ള ഹോട്ടലിന്റെ ഓടിട്ട മേൽക്കൂരക്ക് താഴെ കേറി നിന്ന് താര കുട മടക്കി. അകത്ത് മട്ടൻ ബിരിയാണിയിൽ കച്ചമ്പറിട്ട് കുഴച്ചോണ്ടിരുന്ന ചെമ്പൻമീശക്കാരനൊരാൾ അവർക്ക് കൈയുയർത്തികാണിച്ചു. താര മറിയത്തെ കൈ പിടിച്ച് ആ ടേബിളിലേക്കിരുത്തി.
'നിങ്ങള് കഴിച്ചോ...?' അയാൾ ഔപചാരികമായ മര്യാദ പാലിച്ചു.
'ഓ സാറെ' താര ബഹുമാനാർത്ഥം മൂളി.
