ഈയടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വൈറലായി കൊണ്ടിരിക്കുന്ന, കുറഞ്ഞ നാളുകള്‍ കൊണ്ടു ഒത്തിരി പതിപ്പുകള്‍ ഇറങ്ങിയ, ഒരുപാട് പേരെ വായനയുടെ ലോകത്ത് തിരിച്ചെത്തിച്ച നോവലാണ് നസീഫ് കലയത്ത് എഴുതിയ ഖദീജ.
സോഷ്യല്‍ മീഡിയയില്‍ നമുക്ക് രണ്ടു കൂട്ടരെയാണ് കാണാന്‍ കഴിയുക, ഖദീജയെ ആഘോഷിക്കുന്നവരും വിമര്‍ശിക്കുന്നവരും. വിമര്‍ശിക്കുന്നവര്‍ക്ക് പറയാനുള്ളത് ഖദീജ സാധാരണ ഒരു നോവല്‍ മാത്രമാണ് എന്നാണ്. ഭാഷ കൊണ്ടോ പ്രമേയം കൊണ്ടോ യാതൊരു പുതുമയും ഈ നോവല്‍ നല്‍കുന്നില്ല. അങ്ങനെയൊരു അവകാശവാദം ഈ നോവലിന്റെ എഴുത്തുകാരനു പോലുമില്ല.
പുസ്തകത്തിന്റെ ആമുഖത്തില്‍ നസീഫ് അതു ഇങ്ങനെ എഴുതിവെക്കുന്നു. 'എല്ലാ കെട്ടുകഥകളും എന്നോ നടന്നതോ കേട്ടതോ ആയ കഥകളിലേക്ക് നമ്മുടെ കുറച്ചു ചേരുവകള്‍കൂടി ചേര്‍ത്ത് ഇറക്കുന്നതാണ്. കെട്ടുകഥകളെല്ലാം ആരൊക്കെയോ കേട്ട കഥകളാണ്. വായിച്ചുതുടങ്ങുമ്പോള്‍ കുറേക്കൂടി ശാന്തമായ മനസ്സോടെ വായിക്കണം എന്നൊരപേക്ഷയുണ്ട്. വരികളില്‍ കണ്ടുമറഞ്ഞ ജീവിതങ്ങളെയോ മനുഷ്യരെയോ കണ്ടെത്താന്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സാധിച്ചാല്‍ അത്രയേ ഈ ശ്രമം കൊണ്ട് ഞാന്‍ കരുതിയിട്ടുള്ളൂ. എഴുതിയതിലും ഭംഗിയായി വായിക്കാന്‍ സാധിക്കട്ടെ'.
