"പൂർണവളർച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ"[1] എന്നിരിക്കിലും പൂർണ്ണവളർച്ചയിലേക്ക് അനന്തം ഇല്ലാതെ സംക്രമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് മനുഷ്യൻ ഉച്ചരിച്ചതോ എഴുതിയതോ ആയ വാക്കുകൾ.[2] അതുകൊണ്ടാണ് പ്രസിദ്ധീകരണത്തിന്റെ പതിനഞ്ചാണ്ടുകൾ പിന്നിട്ടിട്ടും "മനുഷ്യന് ഒരു ആമുഖം" അനുവാചകഹൃദയങ്ങളിൽ ഇന്നും ഓളക്കുത്തുകൾ തീർക്കുന്നത്.
നോവൽ വിഭാഗത്തിലാണ് ഈ കൃതി ഉൾപ്പെടുന്നതെങ്കിലും ഒരു ഉപന്യാസത്തിന്റെ കെട്ടും മട്ടും ഈ നോവലിനുണ്ട്. ഉപന്യാസത്തിന്റെ പുറന്തോടണിഞ്ഞ് സർഗാത്മകത ഓരോ അക്ഷരങ്ങളിലും വാക്കുകളിലും നൃത്തം ചെയ്യുന്നു. “....ആമുഖം” എന്നാണ് തലക്കെട്ടെങ്കിലും നോവലിന് ഒരു പ്രാരംഭം മാത്രമല്ല, ശീർഷകങ്ങളും ഉപശീർഷകങ്ങളും പര്യന്തവും ഉണ്ട്, ഉപന്യാസത്തിലുള്ളതു പോലെ.
നാല് തലമുറകളുടെ ജീവിതവും വൈകാരികഭാവങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഈ നോവലിലെ 407 പേജുകളിൽ വിരചിതമായിരിക്കുന്നു. 407-ാമത്തെ പേജിനപ്പുറമുള്ള അനുബന്ധങ്ങൾ കൂടെ വായിച്ചുകഴിയുമ്പോൾ ആ സത്യം നമ്മെ ‘ഹരിഹരപ്പെടുത്തും’: സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരനെക്കൊണ്ട് ആ രചനാവൈഭവൻ, ആദിയും അന്ത്യവുമില്ലാത്ത ആ കലാകാരൻ ഈ ആമുഖം എഴുതിക്കുകയായിരുന്നു.[3] സുഭാഷ് ചന്ദ്രന്റെ പൊൻതൂലികയിൽ നിന്ന് അടർന്നുവീണ ഒരു തുള്ളി മഷികൊണ്ട് ആ ചിത്രകാരൻ നൂറുവർഷത്തെ മനുഷ്യചരിത്രത്തെ ഭംഗിയോടും ശ്രദ്ധയോടും വരച്ചിടുന്നു.
