ഇന്ത്യയെക്കുറിച്ച് എഴുതുക എന്നത് ഇന്ത്യയുടെ ചരിത്രം എഴുതുക എന്നതിനേക്കാൾ സങ്കീർണ്ണമായ കാര്യമാണ്. കാരണം ഇന്ത്യ ഒരു ഭൂപ്രദേശം മാത്രമല്ല. അത് ഒരേസമയം പല ചരിത്രങ്ങളുടെ പേരാണ്, പല ഭാഷകളുടെ ശബ്ദമാണ്, പല മതങ്ങളുടെയും വിശ്വാസങ്ങളുടെയും സഹവർത്തിത്വമാണ്, ഏറ്റുമുട്ടലുകളുടെയും സമരങ്ങളുടെയും ഓർമയാണ്, അധികാരത്തിനെതിരായ മനുഷ്യന്റെ നിരന്തരമായ ചെറുത്തുനിൽപ്പാണ്. അതുകൊണ്ടുതന്നെ 'ഇന്ത്യ എന്ന ആശയം'എന്ന തലക്കെട്ടുതന്നെ ചരിത്രപരമായ ഒരു ചോദ്യവും ഒരു രാഷ്ട്രീയചോദ്യവും കൂടിയാണ്. സുധാ മേനോന്റെ ഇന്ത്യ എന്ന ആശയം ഈ വലിയ ചോദ്യത്തിലേക്കുള്ള ഒരു ചരിത്രസഞ്ചാരമാണ്. ഇന്ത്യ എങ്ങനെയാണ് ഒരു രാഷ്ട്രമായി രൂപപ്പെട്ടത് എന്നതിനേക്കാൾ, ആ രൂപീകരണത്തിനുപിന്നിൽ പ്രവർത്തിച്ച മനുഷ്യരും സമരങ്ങളും വൈരുധ്യങ്ങളും മറവികളും എന്തൊക്കെയായിരുന്നു എന്ന അന്വേഷണമാണ് ഈ പുസ്തകത്തിന്റെ അന്തർധാര.
പുസ്തകത്തിലെ ആദ്യത്തെ അധ്യായമായ ‘ചരിത്രത്തിന്റെ ചൂളംവിളി’ ഇന്ത്യൻ റെയിൽവേയുടെ ചരിത്രം പറയുന്നതിലുപരി, ഒരു രാഷ്ട്രം എങ്ങനെ സഞ്ചരിച്ചും സംഘർഷപ്പെട്ടും രൂപപ്പെട്ടുവെന്നതിന്റെ ശക്തമായ ആഖ്യാനമായി മാറുന്നു. ചന്ദ്രഗുപ്ത മൗര്യനും അക്ബറും പരാജയപ്പെട്ട ഒരു ഭൂമിശാസ്ത്രപരമായ ഏകീകരണം ബ്രിട്ടീഷുകാർ റെയിൽവേയിലൂടെ സാധ്യമാക്കിയെന്ന വൈരുധ്യത്തിൽ നിന്നാണ് അധ്യായം അതിന്റെ ആഴം കണ്ടെത്തുന്നത്. സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങൾക്കായി പണിത റെയിൽപ്പാതകൾ പിന്നീട് അതേ സാമ്രാജ്യത്തിനെതിരായ ദേശീയബോധത്തിന്റെ സഞ്ചാരപഥമായി മാറിയ ചരിത്രവിരോധാഭാസം ശ്രദ്ധേയമാണ്.
ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ് ബോഗികളിലെ വംശീയ വിവേചനത്തിൽനിന്നും പ്ലാറ്റ്ഫോമുകൾ രൂപപ്പെടുത്തിയ പുതിയ പൊതുയിടങ്ങളിലേക്കും ജാതിവേർതിരിവുകൾക്കിടയിലൂടെ സഞ്ചരിച്ച മനുഷ്യരിലേക്കും സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് എത്തിച്ച തീവണ്ടികളിലേക്കും എഴുത്തുകാരി ചരിത്രത്തെ കൊണ്ടുപോകുന്നു.
