ഒരു മാനിക് എപ്പിസോഡ് കഴിഞ്ഞ് 'നോർമൽ' ആയിരിക്കുന്ന കാലം. ഡോക്ടർ ഇന്നുതന്നെ യൂറിൻ ചെക് ചെയ്തു വരണം എന്ന് ചട്ടം കെട്ടി എന്നെ ലാബിലേക്ക് വിടുന്നു. ലിറ്റർ കണക്കിന് വെള്ളം അകത്താക്കിയിട്ടും ഒരു തുള്ളി മൂത്രം പോലും എന്നെ തുണക്കുന്നില്ല. യൂറിൻ ശേഖരിക്കാനുള്ള എൻ്റെ ശ്രമത്തിനൊപ്പം ഓരോ തവണയും കൂടെ ഓടുന്ന അച്ഛൻ. "ഇതെന്താ ഇങ്ങനെ" എന്ന സ്റ്റാഫിനോടുള്ള അച്ഛൻ്റെ അന്വേഷണം. "ചിലർക്ക് സ്ഥലം മാറിയാൽ പറ്റില്ല" എന്ന അയാളുടെ ലളിതമായ ഉത്തരം. ഉത്തരവുകളെ പ്രതിരോധിക്കയാവണം; മനസ്സുപോലെ ശരീരവും. "സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം" എന്ന പാട്ട് ഉച്ചത്തിൽ വച്ചിരിക്കുന്ന സഹചാരി. ഉച്ചപ്രാർത്ഥനക്ക് സ്റ്റാഫെല്ലാം ഒത്തുചേർന്നപ്പോൾ, ഒരോരത്ത് തലകുനിച്ച് കൈ താഴേക്ക് വീഴ്ത്തി ഞാനും. മണിക്കൂറുകൾ കടന്നുപോകെ, പല പത്തുകളുടെ ശ്രമം പരാജയപ്പെടവെ, രക്തം പരിശോധിച്ച ഫലം വാങ്ങാൻ ഞാൻ അച്ഛനെ ഓടിക്കുന്നു. ശേഷം, ഒരു അവസാന ശ്രമമെന്നോണം, വാഷ് റൂമിലേക്ക് നടക്കുമ്പോൾ ഒരപരിചിതൻ്റെ പുഞ്ചിരി. "എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിൻ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ മൃത്യുവോ?" ശബ്ദം പരമാവധി ചുരുക്കി, ഉദ്വേഗം ഒട്ടും ചോരാതെ, ചുള്ളിക്കാടിന്റെ കവിത ചൊല്ലിക്കൊണ്ട് ഞാൻ മൂത്രമൊഴിക്കുന്നു. അന്നത്തേക്ക് എൻ്റെ രക്ഷ.
Summary: Bipolar, poem by Sanal Haridas
