എന്റെ ഓര്‍മ്മകളുടെ ഉമ്മറത്തേക്ക് ആദ്യം നടന്നു കയറിയ പൂച്ചയ്ക്ക് കരിക്കറുപ്പ് നിറമായിരുന്നു. മഞ്ഞക്കണ്ണുകളുള്ള, വാല്‍ ഒരല്പം മുറിഞ്ഞുപോയ ഒരു കാട്ടാളന്‍ കണ്ടന്‍പൂച്ച. തറവാട്ടിലെ കാവിലെ മണ്ഡപത്തിന്റെ സിമന്റ് തിണ്ണയിലായിരുന്നു അവന്റെ സ്ഥിരം കാവല്‍ കിടപ്പ്. തീറ്റയും നാട്ടുസര്‍ക്കീട്ടും കഴിഞ്ഞുള്ള സമയങ്ങളിലെല്ലാം അവന്‍ പടിയില്‍ തന്നെയുണ്ടാകും. അനധികൃതമായി ആരെങ്കിലും ആ സ്ഥലം കയ്യേറാന്‍ ശ്രമിച്ചാല്‍ അവന്‍ ദേഷ്യത്തോടെ മുരണ്ടു ബഹളം വയ്ക്കും. അക്കാലത്ത് തറവാട്ടില്‍ വേറെയും കണ്ടന്മാരും കുറിഞ്ഞികളുമൊക്കെയുണ്ടായിരുന്നു. ഒന്നിനും കൃത്യമായ പേരുകളുണ്ടായിരുന്നതായി ഓര്‍മ്മയില്ല. മുറിവാലനെന്നും, വെള്ളാരംകണ്ണിയെന്നും, വെളുമ്പിയെന്നുമൊക്കെ രൂപം നോക്കി ഞങ്ങള്‍ അവരെ തിരിച്ചറിഞ്ഞു. ചുണ്ട് കൂര്‍പ്പിച്ച് നാവിന്റെ അറ്റം പല്ലിനു പിറകില്‍ ഇടിച്ചാല്‍ ഉണ്ടാകുന്ന ഒരു ശബ്ദം പുറപ്പെടുവിച്ച് അവരെ വിളിക്കും. ആ വിളിയില്‍ അവരൊക്കെ സംതൃപ്തരായിരുന്നോ എന്നൊന്നും അറിയില്ല. എങ്കിലും വീട്ടുകാരെ കാണുമ്പോള്‍ അവര്‍ വാലുയര്‍ത്തി കാല്‍ക്കല്‍ മുട്ടിയുരുമ്മി. ചിലരുടെ തട്ടിയിടലുകളില്‍ തെറിച്ച് മാറുമ്പോള്‍ ദയനീയത നിറച്ച് തിരിഞ്ഞു നോക്കുന്ന ആ കണ്ണുകള്‍ മറന്നിട്ടില്ല.
ഇന്നലെ രാത്രി കുഞ്ചൂട്ടന്‍ വിളിച്ചപ്പോഴാണ് മെറ്റില്‍ഡയെ ജര്‍മ്മനിക്ക് അയക്കാനുള്ള ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞത്. ആ യാത്ര തീരുമാനിക്കുന്നതുവരെ അവള്‍ 'തമിഴത്തി റോജ'യായിരുന്നു. ഇന്നലെയാണ് അവളെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയത്. അവിടെ നിന്നാണ് വിമാനയാത്ര. കുഞ്ചൂട്ടനെക്കാള്‍ പൂച്ചസ്നേഹിയായ പോള്‍സനാണ് മെറ്റില്‍ഡയെ കാറില്‍ കൊണ്ടുപോയത്. ഇടയ്ക്കിടെ വെള്ളം കൊടുക്കണം, ഭക്ഷണസമയം തെറ്റരുത്, യാത്രക്കിടെ പുറത്തിറക്കി നടത്തിക്കണം അങ്ങനെ ഒട്ടേറെ നിര്‍ദേശങ്ങള്‍ നല്‍കിയായിരുന്നു സുമിതമാഡം അവരെ യാത്രയാക്കിയത്. അവളുടെ ഇഷ്ടഭക്ഷണമായ മ്യാവൂ ബ്രാന്‍ഡ് ഫുഡും ലിറ്റര്‍ ബോക്സുമൊക്കെ കൊണ്ടുപോയിട്ടുണ്ട്.
''മെറ്റില്‍ഡ ബാംഗ്ലൂരെത്ത്യോ?'' രാവിലെ കുഞ്ചൂട്ടന്റെ വിളി വന്നപ്പോള്‍ ഞാനാദ്യം ചോദിച്ചത് അതാണ്.
