കിണറിൻ്റെ തൊണ്ടയിൽ, ഉണങ്ങാത്ത കഫംപോലെ കട്ടപ്പിടിച്ചുകിടക്കുകയാണ് പായലും ചെളിയും. ആകാശത്തിന് നേരെയഭിമുഖമായി നിൽക്കുന്ന പഴയ വട്ടക്കിണറിന് ഇപ്പോൾ ആളുകൾ തലയിട്ടു നോക്കാനറക്കുന്ന നാറ്റവും, വൃത്തികേടുമാണ്.
സംഗീത താഴേക്കിറങ്ങി. മണ്ണിലും വെയിലിലും ഉരസിയും ഉരുകിയും തീർത്ത അനേകവർഷങ്ങൾ അവളുടെ ശരീരത്തെ കല്ലുപോലെ ഉറപ്പുള്ളതാക്കിയിരുന്നു. മുകളിൽ, കിണറിൻ്റെ വായ വട്ടത്തിലുള്ള വെളുത്ത പൊട്ടുപോലെ തോന്നിപ്പിച്ചു. താഴെ, ഒരിക്കലും സൂര്യനെ കണ്ടിട്ടില്ലാത്ത വേരുകൾക്കും ഈർപ്പമുള്ള കല്ലുകൾക്കുമിടയിൽ വെളിച്ചം വറ്റിയ ആഴത്തിന്റെ ഉടൽഭാരം ബാക്കിയുണ്ടായിരുന്നു.
ശ്വസനത്തിൻ്റെ താളം മാത്രമുയർന്നു കേൾക്കാം. ഓരോ കല്ല് മാറ്റുമ്പോഴും, ഓരോ കൈ ചെളി വടിച്ചെടുക്കുമ്പോഴും ഉണരുന്ന ശബ്ദങ്ങൾ ആ ചുവരുകളിൽ തട്ടി മറ്റൊന്നായി മാറി അവളിലേക്കു തന്നെ തിരിച്ചുവന്നുകൊണ്ടിരുന്നു. ഇരുട്ടിൽ, അവളുടെ കിതപ്പിനു പോലുമൊരു സംഗീതസാന്ദ്രതയുണ്ടായിരുന്നു. അവ നനഞ്ഞ കല്ലുകളെ, നിലയ്ക്കാത്ത മാറ്റൊലികളുടെ സ്മൃതിമണ്ഡപമാക്കി മാറ്റി.
