ജനാലയ്ക്ക് അഭിമുഖമായിട്ടായിരുന്നു അതുവരെ അപ്പൂപ്പന്റെ കട്ടിൽ ഇട്ടിരുന്നത്. അപ്പുറമുള്ള തെങ്ങും പേരമരവും മാവും എല്ലാം കാറ്റത്ത് ഇളകിയാടുമ്പോൾ ഒപ്പാക്ക് ഗ്ലാസിലൂടെ പല നിറങ്ങളുള്ള രൂപങ്ങളാടുന്നത് കാണാം. ഇത് കാണുമ്പോൾ അപ്പൂപ്പൻ സാധാരണയെക്കാൾ ഉച്ചത്തിൽ പിറുപിറുക്കും. ഇരുട്ടിക്കഴിഞ്ഞാൽ നിഴൽ രൂപങ്ങൾ പ്രത്യക്ഷപ്പെടും. പിന്നെ അവയോടാണ് സംസാരം. പലപ്പോഴും ഏതൊക്കെയോ പേരുകൾ വിളിച്ചുപറയും. ഒരിക്കൽ അജയേട്ടൻ വീട്ടിൽ വന്നപ്പോൾ അപ്പൂപ്പന്റെയടുത്ത് വിശേഷങ്ങൾ ചോദിക്കാൻ ചെന്നു.
‘എന്തൊരു ആഴമുള്ള കിണർ. അല്ലേ?’ അപ്പൂപ്പൻ പറഞ്ഞത് ആദ്യം ചേട്ടന് മനസ്സിലായില്ല.
‘അങ്ങോട്ട് നോക്ക്. എന്തൊരു ആഴം.’
‘ആ, അതെ.’
