“എടാ സന്ധ്യയ്ക്ക് മുമ്പ് വന്നു നീയാ പൂവനെ ഒന്ന് കൊന്നു തരണേ… മിറ്റത്ത് കളിച്ചോണ്ടിരുന്ന പിള്ളേരെ ഇന്നവൻ ഓടിച്ചിട്ട് കൊത്തി. കാര്യം നല്ല പൂവനൊക്കെയാരുന്നു… പറഞ്ഞിട്ട് എന്നാ കാര്യം, ഇനി വെച്ചോണ്ടിരിക്കാൻ പറ്റോ? മോൻ വിളിച്ചപ്പോ പറഞ്ഞു ഇന്ന് തന്നെ കൊന്നേക്കണന്ന്. അല്ലെങ്കിത്തന്നെ നമ്മള് കൊല്ലാതിരിക്കോ, നമുക്ക് നമ്മടെ കൊച്ചല്ലേ വലുത്? നാളെ ഇനി വിളിക്കുമ്പോ കൊന്നിട്ടില്ലെന്ന് പറഞ്ഞാ വെക്കേഷൻ തീരുന്നേനു മുന്നേ പിള്ളേരെ വന്നു കൊണ്ടോയാലോ അത് നമുക്ക് ഒരു വെഷമവല്ലേ…”
സുരേന്ദ്രൻ നാവു മേൽപ്പോട്ട് മടക്കി പല്ലുകൊണ്ട് ബലമായി കടിച്ചുപിടിച്ച് ചെത്തുകത്തി തേക്കുന്നതിൽ ശ്രദ്ധയൂന്നി “ഉം” എന്ന് മൂളി. രുഗ്മിണിയമ്മേടെ പ്രശ്നക്കാരായ ഗിനിക്കോഴികളെയും കാടക്കോഴികളെയും കരിങ്കോഴികളെയും ഇനം നോക്കാതെ കൊന്നു കൊടുത്തുകൊണ്ടിരിക്കുന്നത് സുരേന്ദ്രനാണ്. ഇന്നിതാ സുരേന്ദ്രൻ അവരുടെ ലക്ഷണം ഒത്തൊരു ഗിരിരാജൻ പൂവനെ കൊല്ലാൻ പോകുന്നു. സുരേന്ദ്രൻ കൊല്ലാത്ത രുഗ്മിണിയമ്മേടെ കോഴികൾ ചാകുന്നത് സുരേന്ദ്രന്റെ പട്ടി അർജുൻ പിടിച്ചാണ്. അർജുന് നാടൻ പിടക്കോഴിയിറച്ചിയാണ് ഇഷ്ടം.
അർജുനെ പേടിച്ച് രുഗ്മിണിയമ്മ ഭർത്താവിൻറെ വർക്ക്ഷോപ്പിൽ ചെന്ന് ബംഗാളികളെ കൊണ്ട് ഇരുമ്പിന്റെ വലിയ നെറ്റ് വളയം പറഞ്ഞു ഉണ്ടാക്കിച്ചിട്ടുണ്ട്. അതിനുള്ളിലേ ഇപ്പോൾ കോഴികളെ അഴിച്ചുവിടാറുള്ളൂ. എന്തായാലും രസം തോന്നിയാൽ വളയം ചാടിയും അർജുൻ കോഴികളെ പിടിക്കും. മുട്ടയിട്ട് കൊക്കുന്നതിലും ഉറക്കെ അതിലും വെപ്രാളത്തിൽ കോഴികൾ കൊക്കുമ്പോൾ രുഗ്മിണിയമ്മ കുളിമുറിയിൽ ആണെങ്കിലും തുണിവാരിച്ചുറ്റി ഇറങ്ങി ഓടി വരും. അപ്പോഴേക്കും അർജുൻ കഴുത്തിന് കടിച്ച് കോഴി ഒന്നിനെ ഏതെങ്കിലും കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ടാവും. പിറകെ ഓടിയാലും കല്ല് പിറക്കി എറിഞ്ഞാലും ഫലമില്ല. വിഷമം മാറാൻ എന്തെങ്കിലും ചെയ്യണമെന്നോർത്ത് രുഗ്മിണിയമ്മ അയൽപക്കംകാരോട് പരാതി പറയും. “പട്ടിയെ കൂട്ടിലിട്ടോ തൊടൽ ഇട്ടു പൂട്ടിയോ വളർത്തണം അല്ലാതെ ഇങ്ങനെ അഴിച്ചുവിട്ടാ നമ്മള് വെഷം വെക്കണം. ഇന്ന് നമ്മുടെ കോഴി, നാളെ നമ്മളെ കടിക്കുവേലന്ന് ആരു കണ്ടു?” സുരേന്ദ്രനോട് “പട്ടിയെ ഇങ്ങനെ അഴിച്ചുവിടാതെ ഒരു കൂടു വാങ്ങെടാ, ഞാൻ ചേട്ടനോട് പറഞ്ഞു ഒണ്ടാക്കിക്കാം പൈസ കൊടുക്കുവോ നീ? എല്ലാരുടേം വീട്ടി ചെന്നു ചെരുപ്പ് കടിച്ചു പൊട്ടിച്ചിടുന്ന കൊണ്ട് എല്ലാർക്കും ദേഷ്യവാ. നിന്നോട് പേടിച്ചിട്ട് പറയുന്നില്ലന്നേയുള്ളൂ. പട്ടിയെ ആരെങ്കിലും എന്നേലും ചെയ്താ പിന്നെ പറഞ്ഞിട്ട് കാര്യോണ്ടോ? കാര്യം നല്ല ഒന്നാന്തരം നാടൻ പട്ടിയാ” എന്നും മയത്തിൽ പറയും. കൂടുതൽ പറഞ്ഞാൽ സുരേന്ദ്രൻ രാത്രി കുടിച്ചിട്ട് വന്നു തെറി പറയും എന്നറിയാവുന്നതുകൊണ്ടും ചക്ക ഇടാനും റബർ വെട്ടാനും ചവറെറക്കാനും പന്നിയെ വെട്ടാനും കുരുമുളക് പറിക്കാനും കെണറുതേകാനും കള്ളപ്പത്തിന് കലക്കാൻ നല്ല കള്ള് തരാനും ഈ വകകൾക്കെല്ലാം കൂടി ഒരാളെ കിട്ടുന്നത് അപൂർവ്വമാണെന്ന ബോധ്യം കൊണ്ടും രുഗ്മിണിയമ്മ ക്ഷമിക്കും.
