സാഗരസമാനമായ ഒരു ജീവിതത്തിന്റെ കഥ

Readers Ink

സാഗരസമാനമായ ഒരു ജീവിതത്തിന്റെ കഥ


പി. ആർ. ശ്രീകുമാർ രചിച്ച 'നടരാജഗുരു: സച്ഛിഷ്യനും സദ്ഗുരുവും' എന്ന ഗ്രന്ഥത്തിൻ്റെ വായനയിലായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങൾ. ശ്രീനാരായണ ഗുരുപരമ്പരയിലെ ആദ്യകണ്ണിയായിരുന്ന നടരാജ ഗുരുവിൻ്റെ സാഗരസമാനമായ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഒരു ജീവചരിത്രം രചിക്കുകയെന്നത് ഏറ്റെടുക്കാൻ കഴിയുന്നതിൽ വച്ച് ഏറ്റവും ക്ലേശകരമായ ദൗത്യങ്ങളിലൊന്നാണെന്ന് പറയാതെ വയ്യ. കാരണം നടരാജഗുരു നടന്നുതീർത്ത വഴികൾ അത്രമാത്രം സങ്കീർണ്ണമായിരുന്നു. മഹാനായ ഡോ. പല്പുവിൻ്റെ മകനായി പിറന്ന്, ഉന്നതവിദ്യാഭ്യാസ യോഗ്യതകൾ നേടി, ഭൗതിക നേട്ടങ്ങൾ സ്വന്തമാക്കി ജീവിതത്തെ അടയാളപ്പെടുത്താൻ സാധിക്കുമായിരുന്ന നടരാജൻ, ശ്രീനാരായണ ഗുരു എന്ന ഋഷിവര്യനാൽ ആകർഷിക്കപ്പെട്ട് ത്യാഗത്തിൻ്റെയും തപസ്സിൻ്റെയും അനിശ്ചിതത്വത്തിലേക്ക് യാത്രയാകുന്നതും അദ്ദേഹത്തിന്റെ തുടർന്നുള്ള സാഹസസഞ്ചാരങ്ങളും ഉദ്യമങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ശ്രീനാരായണ ഗുരു എന്ന ൠഷിവര്യനെയും നാരായണീയദർശനത്തേയും ലോകസമക്ഷം അവതരിപ്പിക്കാനുള്ള ദൗത്യവുമായിട്ടായിരുന്നു ആ യാത്ര.

തൻ്റെ ഗ്രാമവും ദേശവും രാഷ്ട്രവും കടന്ന് ഭൂഖണ്ഡാന്തര യാത്ര ചെയ്ത് ഗുരുവും ഗുരുകുലവും ലോകജനതയുടെ ഹൃദയത്തിൽ രേഖപ്പെടുത്താൻ പുറപ്പെടുമ്പോൾ ആ പഥികൻ്റെ യാത്രാവഴികൾ സംഭവബഹുലമാകാതെ വയ്യ. നടരാജ ഗുരു തന്നെ അതിനെക്കുറിച്ച് ആയിരക്കണക്കിന് പേജുകളിൽ എഴുതിയിട്ടുണ്ട്. അനേകം ഗ്രന്ഥങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നടരാജഗുരുവിൻ്റെ ജീവചരിത്രത്തെ ഗവേഷണ ബുദ്ധിയോടെ സമീപിച്ച് ആകർഷകവും സമഗ്രവുമായ ഒരു ഗ്രന്ഥം രചിക്കുന്നതിന് ഭഗീരഥ പ്രയത്നം തന്നെ വേണം. അതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ തിരുവനന്തപുരത്തു നിന്നും പന്ത്രണ്ട് മൈൽ തെക്കുമാറി പുഴയോരത്ത് കെട്ടിയുയർത്തിയ പർണ്ണശാലയിൽ വസിച്ചുകൊണ്ട് സാധുസേവനം ചെയ്യുന്ന ഒരു യോഗിയുടെ സന്നിധിയിൽ തൻ്റെ പിതാവിനോടപ്പം എത്തിച്ചേർന്ന നടരാജൻ്റെ ഓർമ്മകളിലൂടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. യോഗിയുടെ ആകാരവിശേഷങ്ങളും പർണ്ണശാലയുടെ സവിശേഷതയും നടരാജനിൽ താനറിയാതെ സ്വാധീനമുറപ്പിക്കുന്നു. നടരാജ ഗുരുവിൻ്റെ ജീവചരിത്രത്തിലൂടെ രണ്ട് മഹാഗുരുക്കന്മാരെ അടുത്തറിയാൻ കഴിയും. കാരണം അദ്ദേഹത്തിന്റെ ജീവിതകഥ ആരംഭിക്കുന്നത് തന്നെ ശ്രീനാരായണ ഗുരുവിൽ നിന്നാണ്.


Related Articles