ഒരാൾ എഴുത്തുകാരനാകുന്നതിനു പിന്നിൽ എന്തെങ്കിലും പ്രത്യേകം കാരണങ്ങൾ കുടിയിരിക്കുന്നുണ്ടോ? സാഹിത്യപരിചയം അഥവാ വായനയാണ് ഒരാളെ എഴുത്തുകാരനാക്കുന്നതെങ്കിൽ ഗംഭീരപ്പെട്ട എത്രയോ വായനക്കാരുണ്ട്, എഴുത്തുകാരാകാൻ സാധിക്കാത്തവരായി. എന്റെ അനുഭവത്തിൽ എഴുത്തുകാർ പൊതുവേ വായനക്കാരാണെങ്കിലും ഒരു നിവൃത്തിയുമില്ലാത്ത വായനക്കാരാരും എഴുത്തുകാരല്ല. എന്റെ വായന എനിക്കു തോന്നിയിട്ടുള്ളത് സമകാലികമായിട്ടെങ്കിലും ഒരു മത്സ്യത്തിന്റെ ജലജീവിതം പോലെയാണ്. പുസ്തകങ്ങളുടേതേയല്ല ആ കടൽ. പുസ്തകങ്ങളിലൂടെ ഉടലെടുത്തുവന്ന ആശയങ്ങളുടെയും ജീവിതകഥാഭാവനകളുടെയും ആവാസവ്യവസ്ഥ മാത്രമാണ് ആ കടൽ. സത്യത്തിൽ ഇടയ്ക്ക് മത്സ്യം അതിനുപരിതലത്തിലേക്കു വന്ന് വെളളത്തിനുമുകളിൽ തലയുയർത്തി ഒരു വിപരീത വായുവലിച്ചെടുക്കലുണ്ടല്ലോ; ഒരു എതിർശ്വാസംവിടൽ - അതാണെനിക്കു പുസ്തകം വായന. വല്ലപ്പോഴും ഒരു പുസ്തകം വായിച്ചാലും മതി എന്റെ രചനാമത്സ്യജീവിതത്തിൽ ഒരാശ്വാസത്തിനായി; ഒട്ടും വായിച്ചില്ലെങ്കിലും ഒരു തരക്കേടുമില്ലാതാനും.
വായനാജീവിയായി തുടങ്ങുന്ന ഒട്ടനേകം സാഹിത്യോപജീവികളിൽ ചിലർ മാത്രമാണ് എഴുത്തുകാരാകുന്നത്. അതിൽത്തന്നെ നന്നേ ചെറിയൊരു ശതമാനമാണ് യഥാർത്ഥത്തിൽ ഭാവനാസാഹിത്യത്തിൽ മുഴുകുന്നത്. ആ കുറച്ചുപേരിൽ ഒരാളെന്ന നിലയിൽ ആലോചിക്കുമ്പോൾ വായനയേക്കാൾ ഇമ്പംപകരുന്ന കാര്യം തന്നെയാണ്, ആളുകളുടെ ജീവിതം ഭാവിച്ചുണ്ടാക്കി, നിസ്സാരമായ ചില യാഥാർത്ഥ്യങ്ങളുടെ കാലുകളിലും കൊളുത്തുകളിലും അതിനെ ഞാത്തി ഒരു മായാജാലം സൃഷ്ടിക്കൽ. അത് സാദ്ധ്യമാക്കുന്നത് അനുകരിച്ചുകൊണ്ട്, അനുകരണമല്ലാത്ത, അനുകരണീയമായ ഒരു പുതുതിനെ പടച്ചുണ്ടാക്കുന്നതിന്റെ രസനീയതയാണ്. ചുളുവിൽ പടച്ചവനാകുന്നതിന്റെ ത്രസിപ്പ്.
എഴുത്തുകാരാകുന്നവരിൽ ചിലർ ഡിറ്റക്ടീവ് രചയിതാക്കളുമാകുന്നുണ്ട്. അതിന്റെ വഴിയെന്താകാം? കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ലോകം സൃഷ്ടിക്കാൻ, സമൂഹനിയമങ്ങളെ തകർക്കുന്നവരുടെയും അവരെ തകർക്കുന്നവരുടെയും ലോകം സൃഷ്ടിക്കാൻ ചിലരെ പ്രേരിപ്പിക്കുന്നതെന്താകാം? ഭയത്തിന്റെയും ഉദ്വേഗത്തിന്റെയും ലോകത്ത് വ്യാപരിക്കാൻ ചിലർക്ക് കാരണമെന്താകാം?
